കണ്ണൂർ: കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു എസ് ഡി പി ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളാപ്പ് സ്വദേശിയും യുവമോര്‍ച്ച പ്രവര്‍ത്തകനുമായ സുശീലിനെ വീടിനു മുന്നിലിട്ട് വെട്ടിയ കേസിലാണ് ഇവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം സി പി എമ്മിനു മേല്‍ കെട്ടിവയ്ക്കാനുള്ള ബി ജെ പി നീക്കം ഇതിലൂടെ തകര്‍ന്നതായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ തളാപ്പ് സ്വദേശിയും ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനുമായ സുശീലിനെ കഴിഞ്ഞ മാസം 21 നാണ് ഒരു സംഘം ആളുകള്‍ വീടിനു മുന്നിലിട്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ജന്‍ഫര്‍, ഷിറാഫ്, മെഹബൂബ് എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്സില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് സുശീലിനെതിരായ ആക്രമണത്തിലേക്ക് നയിച്ചതെന്നും കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

പ്രതികളില്‍ നിന്ന് രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിറകിൽ സി പി എം ആണെന്ന് ബി ജെ പി വ്യാപക പ്രചാരണം അഴിച്ചുവിടുകയും പൊലീസ്സ്റ്റേഷൻ മാർച്ച് നടത്തുകയും ചെയ്തിരുന്നു. പ്രതികള്‍ പിടിയിലായതോടെ ബി ജെ പിയെ കടന്നാക്രമിച്ച് സി പി എം രംഗത്തെത്തി. വധശ്രമക്കേസ് സി പി എമ്മിന്റെ തലയിൽ കെട്ടിവെക്കാനായി ഒത്തുകളിച്ച ആർ എസ് എസ്- എസ് ഡി പി ഐ കൂട്ടുകെട്ടാണ് ഇതിലൂടെ പുറത്തുവന്നതെന്ന് ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട സുശീല്‍ കുമാറിന്‍റെ വീട് പി ജയരാജൻ സന്ദര്‍ശിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുശീല്‍ കുമാര്‍ ഇപ്പോഴും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.