കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ റെയില്‍വേ സിഗ്നല്‍ കേബിളും 3 ട്രാന്‍സ്ഫോമറുകളും കത്തിച്ചു. വടകരയില്‍ ഒരു ട്രാന്‍സ്‌ഫോമര്‍ തകര്‍ത്ത് ട്രാന്‍സ്‌ഫോമര്‍ ഓയില്‍ ഊറ്റിയെടുത്തു. എടിഎം കൗണ്ടറുകളും ബാങ്കുകളും കൂടുതലുള്ള സ്ഥലങ്ങളില്‍ പുലര്‍ച്ചെ 1.30യോടെയാണ് സംഭവം. പത്തിലധികം എടിഎമ്മുകളും വ്യാപരസ്ഥാനങ്ങളുമുള്ള ചെറൂട്ടി റോഡിലെ മൂന്ന് ട്രാന്‍സ്ഫോമറുകളാണ് അഞ്ജാതര്‍ കത്തിച്ചത്.

പ്രധാന ട്രാന്‍സ്‌ഫോമര്‍ യൂണിറ്റ് ആയ റിംഗ് മെയില്‍ യൂണിറ്റും കത്തി നശിച്ചു. ട്രാന്‍സ്‌ഫോമറുകള്‍ക്ക് അടിയില്‍ ടയറും ചപ്പുചവറുകളും കൂട്ടിയിട്ടാണ് തീവെച്ചത്. ഇതേ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എടിഎമ്മുകളിലെത്തുന്നവരെയും ബാങ്കുകളുടെയ പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചു. റെയില്‍വേ സിഗ്നല്‍ കേബിള്‍ കത്തിക്കാനും ശ്രമം നടന്നെങ്കിലും കേബിളിന്റെ പുറം പാളി മാത്രമാണ് നശിച്ചത്. വടകര മുട്ടിങ്ങലില്‍ ട്രാന്‍സ്‌ഫോമര്‍ തകര്‍ത്ത് ഓയില്‍ ഊറ്റിയെടുത്തു. സഹകരബാങ്കിന്റെയും കനറാ ബാങ്കിന്റെയും എടിഎമ്മിന് സമീപമാണ് സംഭവം. സ്ഥലത്ത് ശാസ്‌ത്രീയ പരിശോധനകള്‍ നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉമ ബഹ്റ അറിയിച്ചു.