ദില്ലി: ദില്ലിയില്‍ അലക്ക് യന്ത്രത്തില്‍ വീണ് മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം. രോഹിണി മേഖലയിലാണ് ആണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. രവീന്ദര്‍രേഖ ദമ്പതികളുടെ മക്കളായ നിഷുവും നക്ഷുമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം. 

അമ്മ രേഖ സോപ്പുപൊടി വാങ്ങാന്‍ കടയില്‍ പോയി മടങ്ങി തിരിച്ചെത്തിയപ്പോഴാണ് കുട്ടികള്‍ 15 ലിറ്റര്‍ വെള്ളമുള്ള അലക്ക് യന്ത്രത്തില്‍ തലകീഴായി വീണ് കിടക്കുന്നതായി കണ്ടത്. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ രവീന്ദര്‍ ഓഫീസിലും കുട്ടികളുടെ സഹോദരന്‍ പത്ത് വയസ്സുള്ള ആദിത്യ സ്‌കൂളിലും ആയതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടിലേക്ക് പുറത്ത് നിന്നുള്ള ആരെങ്കിലും കടന്നിരുന്നോയെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.