റാഞ്ചി: ജാര്‍ഖണ്ഡില്‍ ബസിനുള്ളില്‍ വീട്ടമ്മ പീഡനത്തിന് ഇരയായി. ജാര്‍ഖണ്ഡിലെ കോഡര്‍മ ജില്ലയിലാണ് സംഭവം. കോഡര്‍മയില്‍ നിന്ന് ബീഹാറിലെ നവാഡ ജില്ലയിലേക്ക് പോകുകയായിരുന്ന സ്‌ത്രീയാണ് പീഡനത്തിന് ഇരയായത്. ബസ് ഡ്രൈവറും സഹായിയും ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജാര്‍ഖണ്ഡിലെ പ്രമുഖ ബസ് സര്‍വ്വീസായ ശ്രീ ട്രാവല്‍സ് ബസിനുള്ളില്‍വെച്ചാണ് പീഡനം നടന്നത്. ബസിലെ മറ്റു യാത്രക്കാര്‍ ഇറങ്ങിയശേഷം ആളൊഴിഞ്ഞ സ്ഥലത്തു ബസ് ഒതുക്കിയാണ് ഡ്രൈവറും സഹായിയും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. വൈദ്യപരിശോധനയില്‍ പരാതിക്കാരി പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ ഓരോ 8-9 മണിക്കൂറിന് ഉള്ളില്‍ ഒരു പെണ്‍കുട്ടിയെോ സ്‌ത്രീയോ പീഡനത്തിന് ഇരയാകുന്നതായാണ് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്.