തോക്ക് ചൂണ്ടി വാഹനത്തിന്‍റെ താക്കോല്‍ വാങ്ങി തുടര്‍ന്ന് 35 ലക്ഷം കൈക്കലാക്കുകയായിരുന്നു

ദില്ലി: വ്യാപാരിയുടെ മാനേജര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് കള്ളന്മാര്‍ തട്ടിയത് 35 ലക്ഷം. ദില്ലിയിലെ മോഡല്‍ ടൗണിലാണ് സംഭവം. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാനേജര്‍ സഞ്ചരിച്ചിരുന്ന കാറിനെ ഹരിയാന രജിസ്ട്രേഷനിലുള്ള എസ്‍യുവിയില്‍ വന്ന മുഖം മറച്ച നാലുപേര്‍ ആക്രമിക്കുകയായിരുന്നു. തോക്ക് ചൂണ്ടി വാഹനത്തിന്‍റെ താക്കോല്‍ വാങ്ങിയ അക്രമികള്‍ കാറിലുണ്ടായിരുന്ന 35 ലക്ഷം കൈക്കലാക്കി. 

 വാഹനത്തിന്‍റെ ഉള്ളില്‍ പണം ഉണ്ടായിരുന്നു എന്ന് വ്യക്തമായ ഒരാളാണ് മോഷണം നടത്തിയതെന്നും അതുകൊണ്ട് തന്നെ വ്യാപാരിയുടെ തൊഴിലാളികളില്‍ ഒരാളായിരിക്കാമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് വാഹനമോടിച്ചിരുന്ന വ്യാപാരിയുടെ ഡ്രൈവര്‍ ജോലിക്ക് കയറിയത്. ഇയാളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.