തൃശൂര്‍: ചാവക്കാട് 35 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുമായി മൂന്നു പേര്‍ പിടിയില്‍. അസാധു നോട്ട് മാറ്റി നൽകുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. ചാവക്കാട് സിഐ കെ ജി സുരേഷിൻറെ നേതൃത്വത്തിലുളള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പുനലൂർ സ്വദേശി സജികുമാർ, വർക്കല സ്വദേശി ബിനുമന്ദിരത്തിൽ എസ്.കെ മണി, കൊരടി സ്വദേശി അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. 

ഗുജറത്തിൻ ഇലക്ട്രിക്കൽ കോൺട്രാക്ടർ ആയ സജികുമാർ ആണ് നിരോധിച്ച നോട്ട് മാറ്റിയെടുക്കാൻ മണിയെ ഏല്‍പ്പിക്കുന്നത്. മണി ഇത് സുഹൃത്തായ അഭിലാഷിന് കൈമാറി. മരം പണിക്കാരമായ അഭിലാഷ് ഇത് മാറ്റികൊടുക്കുക്കാമെന്നായിരുന്നു ധാരണ. 35 ലക്ഷം രൂപ യുടെ നോട്ട് മാറ്റി നല്‍കിയാല്‍ അതിൻറെ മൂന്നിലൊന്ന് പുതിയ നോട്ട് സജിക്ക് കൈമാറാമെന്നായിരുന്നു കരാര്‍. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇവർ ഒരു മാസമായി പോലീസിന്റെ നീരിക്ഷണത്തിലായിരുന്നു. 

ഇന്നലെ രാത്രി 10 മണിയോടെ ചാവക്കാട് നിന്നാണ് പ്രതികളെ പിടികൂടിയത് .എന്തിനാണ് ആളുകള്‍ പഴയ നോട്ട് വാങ്ങി സൂക്ഷിക്കുന്നതെന്ന് വ്യക്തമല്ല. ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിലുളള പഴയ നോട്ടുകള്‍ മാറ്റിയെടുക്കാൻ അവസരം വരുമ്പോള്‍ കയ്യിലുളള നോട്ടും മാറ്റിയെടുക്കാമെന്ന ധാരണയിലാണ് പലരും പഴയ നോട്ടുകള്‍ വാങ്ങി സൂക്ഷിക്കുന്നതെന്നാണ് പൊലീസിൻറെ നിഗമനം