Asianet News MalayalamAsianet News Malayalam

താനൂരില്‍ പോലീസിനെ ആക്രമിച്ച സംഭവം; 4 ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍

4 held for Tanur attack
Author
Tanur, First Published Jul 19, 2016, 1:24 PM IST

മലപ്പുറം: താനൂരില്‍ പോലീസിനെ ആക്രമിച്ച സംഭവത്തിലെ നാല് പ്രതികളെ പിടികൂടി. ലീഗ് പ്രവര്‍ത്തകരാണ് പിടിയിലായത്. ചാപ്പപ്പടി സ്വദേശികളായ ഫിര്‍ദൗസ്, ഷാജഹാന്‍, സുഹൈബ്, പണ്ടാരക്കടപ്പുറത്തെ കോയമോന്‍ എന്നിവലാണ് പിടിയിലായത്. സംഭവത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം ഇവരെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. അക്രമത്തിന് നേതൃത്വം നല്‍കിയ മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് നൂറുകണക്കിന് ലീഗ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിക്കുകയും കസ്റ്റഡിയിലെടുത്ത പ്രതിയെ മോചിപ്പിക്കുകയും ചെയ്തത്. ലീഗ് സിപിഎം സംഘര്‍ഷത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ആക്രമണം.

സംഭവത്തില്‍ എസ് ഐ സുമേഷ് സുധാകരനടക്കം മൂന്ന് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേ സമയം താനൂര്‍ അശാന്തമായി തുടരുന്നതിന്റെ ആശങ്കയിലാണ് അധികൃതര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്‍ഞ അഞ്ച് മാസത്തിനിടയില്‍ 66 കേസുകളാണ് താനൂരിലെ തീരമേഖലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഫലപ്രദമായി അണികളെ നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ് രാഷ്‌ട്രീയ പാര്‍ട്ടികളും.

ചെറിയ സംഭവങ്ങള്‍ പോലും വലിയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുകയും, അക്രമങ്ങള്‍ക്ക് ശേഷം പ്രതികള്‍ കടലില്‍ ഒളിക്കുകയും ചെയ്യുന്നതാണ് പോലീസ് നേരിടുന്ന വെല്ലുവിളി. പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ എതിരാളികളെ അനുവദിക്കാത്ത  ഇടങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപം കൊള്ളുന്നതായും പോലീസ് തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍ഡിഒ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് സര്‍വ്വ കക്ഷി യോഗം ചേര്‍ന്നത്.

 

Follow Us:
Download App:
  • android
  • ios