ജിദ്ദ: സൗദിയിൽ ആഭ്യന്തര സർവീസ് നടത്തുന്നതിന് പുതുതായി നാല് കമ്പനികൾക്ക് കൂടി സൗദി വ്യോമയാന മന്ത്രാലയം അനുമതി നൽകി.പുതിയ കമ്പനികൾ ഒരു വർഷത്തിനുള്ളിൽ നിലവിൽ വരുമെന്നും ഇതോടെ ആഭ്യന്തര സെക്ടറുകളിലെ സീറ്റ് ദൗർലഭ്യം ഇല്ലാതാകുമെന്നും ഗതാഗത മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ സുലൈമാൻ അൽഹംദാൻ പറഞ്ഞു.
സൗദി ഗൾഫ്, നെസ്‌മ, അദീൽ, സ്‌കൈ പ്രൈം എന്നീ കമ്പനികൾക്കാണ് രാജ്യത്ത് ആഭ്യന്തര സർവീസ് നടത്തുവാൻ സൗദി വ്യോമയാന മന്ത്രാലയം പുതുതായി അനുമതി നൽകിയിരിക്കുന്നത്.ഇതോടെ രാജ്യത്തെ ആഭ്യന്തര വിമാന കമ്പനികളുടെ എണ്ണം ആറായി.ആദ്യമായാണ് ഇത്രയും കമ്പനികൾക്ക് സൗദിയിൽ സർവീസ് നടത്തുവാൻ അനുമതി ലഭിക്കുന്നത്.നിലവിൽ ചില ആഭ്യന്തര സെക്ടറുകളിൽ സീറ്റ് ദൗർലഭ്യമുണ്ട്.പുതിയ വിമാന കമ്പനികൾ കൂടി വരുന്നതോടെ ഈ പ്രശ്നത്തിന് ശ്വശ്വത പരിഹാരമാകും.
മൂന്ന് കമ്പനികൾ ഈ വർഷം അവസാനത്തോടെയും അദീൽ എയർ അടുത്ത വർഷവുമാകും സർവീസ് നടത്തുക.ഹജ്ജ്,ഉംറ,അവധികാലം തുടങ്ങിയ സമയത്തുള്ള തിരക്ക് പരിഗണിച്ച് ഫ്ലൈ പ്രൈം എന്ന പേരിൽ സീസൺ സർവീസുകൾ നടത്തുമെന്ന് സ്കൈ പ്രൈം കമ്പനി സി.ഇ .ഒ.സലിം അൽ മസൈനി പറഞ്ഞു.റിയാദ്,ജിദ്ദ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സ്കൈ പ്രൈമിന്റെ സർവീസുകൾ.കൂടുതൽ വിമാന കമ്പനികൾ വരുന്നതോടെ സേവന നിലവാരം മെച്ചപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
