ന്യൂഡല്‍ഹി: കശ്മീരിലെ കുപ് വാര നിയന്ത്രണ രേഖക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരവാദികൾ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ ജീവനോടെ പിടികൂടി. നൗഗാം മേഖലയിൽ നടന്ന എറ്റുമുട്ടലിൽ പങ്കെടുത്ത ഭീകരവാദികളെല്ലാം വിദേശ പൗരന്മാരാണെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. അവരിൽ ഒരാളെ ജീവനോടെ പിടികൂടിയതായും ചില സുപ്രധാന വിവരങ്ങൾ ഇയാളിൽ നിന്നും പ്രതീക്ഷിക്കുന്നതായും സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു ഭീകരവാദിയെ ജീവനോടെ പിടിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ ​​റിജിജു പ്രതികരിച്ചു. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

അതിനിടെ ജമ്മു കശ്മീരിൽ 17 ദിവസമായി തുടർന്ന നിരോധനാജ്ഞ പിൻവലിച്ചു. ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാണിയെ സൈന്യം വധിച്ചതിനെ തുടർന്നാണ് താഴ്‍വരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 10 ജില്ലകളിൽ 17 ദിവസമായിതുടർന്ന നിരോധനാജ്ഞയാണ് പിൻവലിച്ചത്. മൊബൈൽ-ഇന്‍റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു.

രാജ്യം ഇന്ന് 17ആം കാർഗിൽ വിജയ ദിവസം ആചരിക്കുകയാണ്. എന്‍ഡിഎസർക്കാരിന്‍റെ രാഷ്ട്രീയ ഇടപെടലുകളാണ് കാർഗിലിൽ വിജയത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിൽ മരിച്ച സൈനികരുടെ ബന്ധുക്കൾ ജമ്മുകശ്മീരിലെ ദ്രാസിൽ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. പ്രതിരോധമന്ത്രി മനോഹർ പരീക്കറും, കര-വ്യോമസേനാ മേധാവികളും രാജീവ് ചന്ദ്രശേഖർ എംപിയും ഇന്ത്യാഗേറ്റിലെ അമർജവാൻ ജ്യോതിയിൽ പുഷ്പചക്രം അർപ്പിച്ചു