തിരുവനന്തപുരം: തിരുവല്ലം ചുടുക്കാട് ക്ഷേത്രഘോഷയാത്രയ്ക്കിടെ സംഘര്‍ഷം. സംഘര്‍ഷം നിന്ത്രിക്കാനെത്തിയ പോലീസുകാര്‍നെരെ ആക്രമണം. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന പോലീസുകാരെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

എസ്.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. തിരുവല്ലം എസ്.ഐ ശിവകുമാര്‍, എസ്.എ.പിയിലെ പൊലീസുകാരായ ശ്യാം കുമാര്‍, വൈശാഖ്, ഷിബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാല് പേരുടെയും തലയ്ക്ക് ഏറും അടിയും കൊണ്ടുള്ള മുറിവുകളാണ് ഉള്ളത്. ഇവരെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈശാഖിന് തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. എസ്.ഐ ശിവകുമാറിന് കാര്യമായ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. സംഘര്‍ഷത്തിനിടെ പോലീസുകാരനായ ഷിബിയുടെ സ്വര്‍ണമാല മോഷണം പോയി. സംഘര്‍ഷത്തിനിടെ ആരോ മാല പൊട്ടിച്ച് കൊണ്ടുപോവുകയായിരുന്നു.

ചുടുകാട് മുടിപ്പുര ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയവര്‍ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് നടത്തിയ വാക്കേറ്റം സംഘര്‍ഷത്തിലെത്തുകയായിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനായി സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ശ്രമിക്കുന്നതിനിടെ സംഘര്‍ഷം പോലീസുരാക്കെതിരെ തിരിയുകയായിരുന്നു. പോലീസിന് നേരെ ശക്തമായ കല്ലേറ് ഉണ്ടായി. സംഘര്‍ഷ സ്ഥലത്ത് കുറച്ച് പോലീസുകാര്‍ മാത്രമാണുണ്ടായത്. ഇവര്‍ക്കു നേരെ ശക്തമായ കല്ലേറ് നടന്നു. കുടുതല്‍ പോലീസെത്തിയാണ് പരിക്കുപറ്റിയ പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റിയത്. 

പിന്നീട് കനത്ത പോലീസ് കാവലിലാണ് ഘോഷയാത്ര പൂര്‍ത്തീകരിച്ചത്. പോലീസുകാരെ ആക്രമിച്ച പ്രതികളില്‍ ചിലര്‍ക്കും പരിക്ക് പറ്റിയതായാണ് വിവരം. അതിനാല്‍ സ്ഥലത്തെ ആശുപത്രികളിലും പ്രതികളുടെ വീടുകളും കേന്ദ്രീകരിച്ച് പോലീസ് രാത്രിതന്നെ തെരച്ചില്‍ നടത്തി. സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജയദേവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. അറസ്റ്റുകളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.