ശ്രീനഗര്‍: കശ്‌മീരിലെ ബന്ദിപ്പോരയില്‍ സി ആര്‍ പി എഫ് ക്യാംപിനു നേരെ ഭീകരാക്രണം. പ്രത്യാക്രമണത്തില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചെ 3.45 ഓടെയാണ് ഭീകരര്‍ സി ആര്‍ പി എഫ് ക്യാംപ് ആക്രമിച്ചത്. ബന്ദിപ്പോര ജില്ലയില്‍ സുംഫല്‍ എന്ന സ്ഥലത്തുള്ള സി ആര്‍ പി എഫ് ക്യാംപിനുനേരെയാണ് ഭീകരര്‍ ചാവേറാക്രമണം നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വെടിവെയ്‌പ്പ് ഉണ്ടായി. രാവിലെ 6.15 വരെ വെടിവെയ്പ്പ് നീണ്ടുനിന്നു. പ്രത്യാക്രമണത്തിനൊടുവില്‍ നാലു ഭീകരരെ സൈന്യം വധിക്കുകയായിരുന്നു. ഇവരുടെ പക്കല്‍നിന്ന് വന്‍ ആയുധശേഖരം കണ്ടെത്തി. നാല് എ കെ 47 തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പടെയുള്ള ആയുധശേഖരമാണ് കണ്ടെത്തിയത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടാകാമെന്ന നിഗമനത്തില്‍ സൈന്യം നടത്തുന്ന തെരച്ചില്‍ തുടരുകയാണ്.