ദില്ലി: കിഴക്കന്‍ ദില്ലിയിലെ മാനസരോവർ പാർക്കിനടുത്ത് ഒരു കുടുംബത്തിലെ അഞ്ചു പേരെ കുത്തിക്കൊന്നു. നാലു സ്ത്രീകളെയും ഒരു സെക്യൂരിറ്റി ജീവനക്കാരനെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഊര്‍മിള ജിന്‍ഡാല്‍(82), അവരുടെ മൂന്നു പെണ്‍മക്കളായ സംഗീത ഗുപ്‌ത(56), നൂപുര്‍(48), അഞ്ജലി(38), സെക്യൂരുറ്റി ജീവനക്കാരനായ രാകേഷ്(42) എന്നിവരെയാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വത്ത് തർക്കം മൂലമാണ് കൊലപാതകമെന്ന് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മറ്റ് കുടുംബാഗങ്ങളെ പോലീസ് ചോദ്യം ചെയ്തു. കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹം പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി, പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും, കൊലചെയ്തവരെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.