ലോകത്തിലെ രക്തരൂക്ഷിതമായ ഫെസ്റ്റിവലുകളിലൊന്ന് ഇന്ത്യയിലാണ് എന്നറിഞ്ഞാല്‍ ഞെട്ടരുത്. മധ്യപ്രദേശിലെ പന്‍ധുര്‍ണയിലാണ് മരണം വരെ സംഭവിക്കുന്ന ഗോത്മാര്‍ മേള നടക്കുന്നത്. പന്‍ധുര്‍ണ ഗ്രാമത്തിലെ ജാം നദിക്കരയില്‍ നടക്കുന്ന മല്‍സരത്തില്‍ പന്‍ധുര്‍ണ, സാവര്‍ഗോണ്‍ എന്നീ ഗ്രാമങ്ങള്‍ തമ്മില്‍ കല്ലെറിയുന്നു.
ജാം നദിയില്‍ നാട്ടിയ മരത്തിലെ ചുവന്ന കൊടി കൈക്കലാക്കുന്ന ദേശക്കാരാണ് മല്‍സരത്തിലെ വിജയി. എന്നാല്‍ കൊടി കൈക്കലാക്കാന്‍ ശ്രമിക്കുന്നവരെ എതിര്‍ ഗ്രാമക്കാര്‍ കല്ലെറിഞ്ഞ് വീഴ്ത്തും. മൃഗീയ വിനോദമെന്ന് തോന്നുന്ന മേള ആചാരമായാണ് ഇവിടുത്തുകാര്‍ കൊണ്ടാടുന്നത്. ഗോത്മാര്‍ ഫെസ്റ്റിവലിന് 300ലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മധ്യപ്രദേശിലെ ചിന്ദവാര ജില്ലാ ആസ്ഥാനത്തു നിന്ന് 72 കി.മി അകലെയാണ് പന്‍ധുര്‍ണ്ണ. ഗോത്മാര്‍ നിരോധിക്കാന്‍ ഭരണകൂടം പലകുറി ശ്രമിച്ചെങ്കിലും ഇരു ഗ്രാമങ്ങളും അനുവദിച്ചില്ല. 2008ലെ ഫെസ്റ്റിവലില്‍ 800 പേര്‍ക്ക് പരിക്കേറ്റതും ഒരാള്‍ക്ക് ജീവന്‍ നഷ്ടമായതുമാണ് അടുത്ത കാലത്തുണ്ടായ വലിയ അപകടം. ഗോത് എന്ന വാക്കിന് കല്ല് എന്നാണ് മറാഠി ഭാഷയില്‍ അര്‍ത്ഥം.
പന്‍ധുര്‍ണക്കാരനായ ഒരു യുവാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാവര്‍ഗോണിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി. ജാം നദി മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ എറിഞ്ഞ് വീഴ്ത്താന്‍ സാവര്‍ഗോണ്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ പന്‍ധുര്‍ണക്കാര്‍ തിരികെ കല്ലെറിഞ്ഞ് ഇരുവരെയും രക്ഷപെടുത്തി. ഇതിന്റെ ഓര്‍മ്മ പുതുക്കലാണ് ഗോത്മാര്‍ മേളയെന്നാണ് ഐതിഹ്യം.
ഇത്തവണത്തെ ഗോത്മാര്‍ ഫെസ്റ്റിവലില്‍ 400ലേറെ പേര്‍ക്കാണ് പരിക്കേറ്റത്. ഫെസ്റ്റിവലില്‍ 10 പേര്‍ക്ക് ഗുരുതരമായും മൂന്ന് പേര്‍ക്ക് അതീവ ഗുരുതരവുമായും പരിക്കേറ്റു. ഫെസ്റ്റിവലിനിടെ വാഹനങ്ങള്‍ തകര്‍ത്തവര്‍ക്കെതിരെ പൊലിസ് ടിയര്‍ഗ്യാസും പ്രയോഗിച്ചു. എറിയാന്‍ ക്രിക്കറ്റ് ബോളുകളുപയോഗിക്കാന്‍ പൊലിസ് നിര്‍ദേശിച്ചിട്ടും കല്ലേറ് തുടരുകയാണ് ഇരു ഗ്രാമങ്ങളും.
