കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 43 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാനില്‍ അറസ്റ്റില്‍. അറബിക്കടലില്‍ കറാച്ചി തീരത്തിനു സമീപം പാക്കിസ്ഥാന്റെ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന മത്സ്യത്തൊഴിലാളികളെയാണ് പാക്കിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഫോഴ്‌സാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മത്സ്യബന്ധനത്തിനുപയോഗിച്ച ഏഴ് ബോട്ടുകളും പിടിച്ചെടുത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനു 144 മീന്‍പിടിത്തക്കാരാണ് ഒരു മാസത്തിനിടെ അറസ്റ്റിലായത്.

വ്യാഴ്ച അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ പൊലീസിന് കൈമാറിയതായി പാക്കിസ്ഥാന്റെ മാരിടൈം സെക്യൂരിറ്റി ഫോഴ്‌സിന്റെ (പി.എം.എസ്.എഫ്) വക്താവ് അറിയിച്ചു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കിയ ശേഷം ഇവരെ ജയിലില്‍ അയയ്ക്കാനാണ് സാധ്യതയെന്ന് കമാന്‍ഡര്‍ വാജിദ് നവാസ് ചൗധരി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ 144 ഓളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ഇത്തരത്തില്‍ പിഎംഎസ്എഫ് അറസ്റ്റ് ചെയ്തത്. അതിര്‍ത്തി ലംഘിക്കുന്നവരെ കണ്ടെത്താന്‍ സ്പീഡ് ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു.

സമുദ്രാതിര്‍ത്തി മനസ്സിലാക്കുന്നതിനു പ്രത്യേക സംവിധാനങ്ങള്‍ ചെറുകിട ബോട്ടുകളില്‍ ഇല്ലാത്തതിനാല്‍ ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി ലംഘിക്കുന്നതു പതിവാണ്. കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഏകദേശം 400 ഓളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 29ന് 68 പേരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചിരുന്നു.