കൊച്ചി: അമേരിക്കക്ക് പിന്നാലെ ഓസ്‌ട്രേലിയയും വിസ നിയന്ത്രണം കൊണ്ടുവന്നത് മലയാളികളുടെ ജോലി സാധ്യതകള്‍ക്ക് തിരിച്ചടിയാകുന്നു. നഴ്‌സിംഗ്, ആരോഗ്യ മേഖലകളെയാകും നിയന്ത്രണം കൂടുതല്‍ ബാധിക്കുക. എന്നാല്‍ നിലവില്‍ ഓസ്‌ട്രേലിയയില്‍ ഉള്ളവര്‍ക്ക് നിയന്ത്രണം ബാധകമാകില്ല. ഓസ്‌ട്രേലിയ അപ്രതീക്ഷിതമായി 457 തൊഴില്‍ വിസ റദ്ദാക്കിയതാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ ജോലി കിട്ടാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്നതായിരുന്നു 457 തൊഴില്‍ വിസ. അവിദഗ്ധ തൊഴിലുകള്‍ സ്വദേശികള്‍ക്ക് ലഭിക്കുന്നതിനാണ് വിസ നിരോധമെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ വാദം. ഇതോടെ ഐടി, നഴ്‌സിംഗ് ജോലികള്‍ക്കായി വിദേശത്ത് പോകാനികുന്ന നൂറ് കണക്കിന് മലയാളികളുടെ ഭാവി ഇരുട്ടിയിലായി.

എച്ച്1 ബി വിസ നിര്‍ത്തലാക്കിയതോടെ അമേരിക്കയിലേയ്ക്ക് പോകാനാകാതെ ഐടി രംഗത്തുള്ളവരടക്കം പ്രതിസന്ധിയിലാണ്. ഇതിന് പിന്നാലെയാണ് കുടിയേറ്റ രാജ്യമായ ഓസ്‌ട്രേലിയയും വിദേശികളുടെ വരവ് നിയന്ത്രിക്കുന്നത്. ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടനും വിസ നിയമങ്ങളില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. പുതിയ നിയമം അനുസരിച്ച് ഓസ്‌ട്രേലിയയില്‍ എത്തുന്ന എല്ലാവര്‍ക്കും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം നിര്‍ബന്ധമാണ്.