തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. പ്രധാന യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെ സാരമായി ബാധിക്കും. സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കുമ്പോഴും ജനജീവിതം സാധാരണ നിലയിലാകില്ലെന്ന് ഉറപ്പാണ്. 

ബസ്, ഓട്ടോ, ടാക്സി സര്‍വീസുകള്‍ നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്‍റെ ഭാഗമാകും. കെഎസ്ആര്‍ടിസിയിലെ പ്രമുഖ യൂണിയനുകളെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ ജീവനക്കാരില്‍ ബി എം എസ് ഒഴികെയുള്ള  തൊഴില്‍യൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്.

സ്കൂളുകള്‍ക്കും സർക്കാർ ഓഫീസുകൾക്കും ഇന്നും നാളെയും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്തുമോയോന്നതിൽ ആശങ്കയുണ്ട്. പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് രണ്ടു ദിവസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും എംഡി ടോമിന്‍ തച്ചങ്കരി യൂണിയനുകളോട് ആവശ്യപ്പെട്ടെങ്കിലും യൂണിനുകള്‍ വിട്ടുുവീഴ്ചയ്ക്ക് തയ്യാറായില്ല. 

അതേസമയം, ശബരിമല സര്‍വീസിനെ പണിമുടക്ക് ബാധിക്കില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍, സഹകരണ മേഖലയിലെ ഓഫീസുകളും അസംഘടിത മേഖലയിലെ തൊഴിലാളികളും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും. വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.

പണിമുടക്ക് ദിനം കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുളള സംഘടനകളുടെ തീരുമാനം. ബിജെപി ഹര്‍ത്താലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ പണിമുടക്ക് ദിനം സമാനമായ പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ട്.