ആലപ്പുഴ: വാഹനാപകടത്തില്‍ മരിച്ച ഐക്യരാഷ്ട്രസഭാ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് 5 കോടി നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റി ആലപ്പുഴയില്‍ സംഘടിപ്പിച്ച ലോക് അദാലത്തില്‍ തീര്‍പ്പായി. ഇത്രവും വലിയതുക ഒത്തു തീര്‍പ്പിലൂടെ നഷ്ടപരാഹാരമായി നല്‍കുന്നത് അപൂര്‍വ്വ സംഭവമാണ്. ഐക്യരാഷ്ട്ര സഭയുടെ സൗത്ത് സുഡാന്‍ സമാധാന സേനയിലെ റേഡിയോ ടെക്‌നീഷ്യനായിരുന്ന ആലപ്പുഴ കളര്‍കോട് സനാതനപുരം കക്കാശ്ശേരി രാജു ജോസഫ്(42) ന്റെ ആശ്രിതര്‍ക്കാണ് ചൊവ്വാഴ്ച നടന്ന ലോക്അദാലത്തില്‍ അഞ്ച് കോടി അനുവദിച്ചത്.
ലിബര്‍ട്ടി വീഡിയോകോണ്‍ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് ഇത്രയും വലിയ തുക നഷ്ടപാരിഹാരം നല്‍കാന്‍ സമ്മതിച്ചത്. ആലപ്പുഴ എം.എ.സി.ടി ജഡ്ജി സോഫി തോമസിന്റെ നേതൃത്വത്തിലാണ് ഇരുക്ഷികളെയും വിളിച്ച് ചേര്‍ത്ത് നഷ്ടപരിഹാരതുക നിശ്ചിച്ചത്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ പള്ളാത്തുരുത്തി പാലത്തിന് സമീപം 2014 ഏപ്രില്‍ 13 ന് ആയിരുന്നു അപകടം. സഹോദരന്‍ വാവച്ചന്‍ (61) ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ വാവച്ചനും മരിച്ചു. അദ്ദേഹത്തിന്റെ ആശ്രിതര്‍ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീര്‍പ്പായിട്ടുണ്ട്.
മരിച്ച രാജു ജോസഫിന്റെ ഭാര്യ മറിയാമ്മ, മക്കളായ റിയ, റിക്കി, റയാണ്‍ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം. രാജു ജോസഫ് അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം. വാവച്ചന്റെ ഭാര്യ അന്നാമ്മ, മക്കളായ ബ്ലസ്സി, ബെന്‍സണ്‍ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം. ഇന്‍ഷൂറന്‍സ് കമ്പനിക്ക് വേണ്ടി അഡ്വ.പി.എസ്.രാമുവും, ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ ജോസഫും ഹാജരായി. സംസ്ഥാനത്ത് അദാലത്തിന്റെ പരിഗണയില്‍ അഞ്ച് കോടിക്ക് മുകളില്‍ ഒത്തുതീര്‍പ്പായത് നടന്‍ ജഗതിയുടെ കേസ് മാത്രമാണ്.
