ഇംപീച്ച്മെന്‍റ് തള്ളിയ നടപടി കോമ്‍ഗ്രസി ഹര്‍ജി ഭരണഘടന ബെഞ്ചിന്

ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയ രാജ്യസഭ അദ്ധ്യക്ഷന്‍റെ തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നൽകിയ ഹര്‍ജി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടു. കൊളീജിയം ജഡ്ജിമാരെ ഒഴിവാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെയാണ് ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ദീപക്മിശ്രക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്‍റ് നോട്ടീസ് നടപടിക്രമങ്ങൾ പാലിക്കാതെയാണ് രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യനായിഡു തള്ളിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി നൽകിയതിന് തൊട്ടുപിന്നാലെ അഭിഭാഷകനായ കപിൽ സിബൽ രണ്ടാംനമ്പര്‍ കോടതിയിലെത്തി കേസ് ഉന്നയിച്ചു. ഇംപീച്ച്മെന്‍റ് കേസ് പരിഗണിക്കാൻ ചീഫ് ജസ്റ്റിസിന് ആകില്ലെന്നും അതുകൊണ്ടാണ് രണ്ടാംനമ്പര്‍ കോടതിയിൽ കേസ് ഉന്നയിക്കുന്നതെന്നും ജസ്റ്റിസ് ജെ. ചലമേശ്വരിന‍്റെ ബെഞ്ചിൽ കപിൽ സിബൽ അറിയിച്ചിരുന്നു. കേസിൽ തീരുമാനം നാളെ അറിയിക്കാമെന്ന് ജസ്റ്റിസ് ചലമേശ്വര്‍ വ്യക്തമാക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര തന്നെ കോണ്‍ഗ്രസിന്‍റെ ഹര്‍ജി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ട് കൊണ്ടുളള തീരുമാനം എടുത്തിരിക്കുന്നത്.

ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിള്ള ബെഞ്ചിൽ ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡേ, എൻ.വി.രമണ, അരുണ്‍മിശ്ര, എ.കെ.ഗോയൽ എന്നിവരാണ് ഉള്ളത്. കൊലീജിയത്തിൽ ഉൾപ്പെട്ട ഒ രു മുതിര്‍ന്ന ജഡ്ജിയെയും ഭരണഘടന ബെഞ്ചിൽ ഉൾപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിനെ അനുകൂലിക്കുന്ന ജഡ്ജിമാരാണ് ഭരണഘടന ബെഞ്ചിലെ എല്ലാവരും. ചീഫ് ജസ്റ്റിസിന്‍റെ അധികാരങ്ങൾ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകൻ ശാന്തിഭൂഷണ്‍ നൽകിയ ഹര്‍ജി തളളിയത് ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ ബെഞ്ചാണ്. ചീഫ് ജസ്റ്റിസിന് എതിരായ മെഡിക്കൽ കോഴ കേസ് തള്ളിയത് ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ ബെഞ്ചുമാണ്. തിടുക്കപ്പെട്ട് കേസ് ഭരണഘടന ബെഞ്ചിന് വിട്ടുകൊണ്ട് അസാധാരണ നീക്കം നടത്തിയ ചീഫ് ജസ്റ്റിസിന്‍റെ നിലപാടിനോട് കൊളീജിയം ജഡ്ജിമാരുടെ നീക്കം ഇനി നിര്‍ണായകമാകും.