പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തില്‍ പ്രാദേശിക സമയം വൈകിട്ട് 3.15നാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രി തെരേസ മേയും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി എംപിമാര്‍ പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിന് മുകളിലൂടെ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിടിച്ച് മൂന്ന് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പാലത്തിലുണ്ടായിരുന്ന ഫ്രഞ്ച് വിദ്യാര്‍ത്ഥിസംഘം ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്തെ തൂണിലിടിച്ചാണ് കാര്‍ നിന്നത്. തുടര്‍ന്ന് കത്തിയുമായി കാറില്‍ നിന്ന് പുറത്തിറങ്ങിയ അക്രമി പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് ഓടി കയറാന്‍ ശ്രമിച്ചു. ഇയാളെ തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ കുത്തികൊലപ്പെടുത്തി. തുടര്‍ന്ന് സ്ഥലത്തെത്തിയ സായുധ പൊലീസ് അക്രമിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.

ഈ സമയത്ത് പാര്‍ലമെന്റിലെ ജനപ്രതിനിധി സഭയുടെ സമ്മേളനം നടക്കുകയായിരുന്നു. വെടിവയ്പുണ്ടായ ഉടനെ സമ്മേളനം റദ്ദാക്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും പുറത്തിറങ്ങരുതെന്ന് എം.പിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഗുരുതരമായി പരിക്കേറ്റവരെ എയര്‍ ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്. വെസ്റ്റ്മിനിസ്റ്റര്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതവും, സമീപത്തെ മെട്രോ സര്‍വ്വീസും താല്‍കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. പൊലീസുകാരുടെയും, സുരക്ഷാ ജീവനക്കാരുടെയും സമയോചിത ഇടപെടലിനെ പ്രധാനമന്ത്രി തെരേസ മേയ് പ്രശംസിച്ചു.