ഒരു ഫ്ലാറ്റിലാണ് പരാതിക്കാരന്റെ ഇലക്ട്രോണിക്സ് വ്യാപാര സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വൈകുന്നേരം 7.30ഓടെ സി.ഐ.ഡി ഉദ്ദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി പ്രതികള്‍ ഓഫീസില്‍ കയറിവന്നു.

ദുബായ്: സി.ഐ.ഡി ഉദ്ദ്യോഗസ്ഥര്‍ ചമഞ്ഞ് ഇന്ത്യക്കാരന്റെ 1,65,000 ദിര്‍ഹവും 1,50,000 ദിര്‍ഹത്തിന്റെ മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത കേസില്‍ വിചാരണ ആരംഭിച്ചു. ഒരു ഇലക്ട്രിക്കല്‍ വ്യാപാര സ്ഥാപനത്തില്‍ നടന്ന മോഷണത്തില്‍ 22 വയസുകാരനായ പാകിസ്ഥാന്‍ പൗരനാണ് മുഖ്യപ്രതി.

2015 നവംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 42 വയസുകാരനായ ഇന്ത്യന്‍ പൗരനാണ് നാഇഫ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒരു ഫ്ലാറ്റിലാണ് പരാതിക്കാരന്റെ ഇലക്ട്രോണിക്സ് വ്യാപാര സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വൈകുന്നേരം 7.30ഓടെ സി.ഐ.ഡി ഉദ്ദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി പ്രതികള്‍ ഓഫീസില്‍ കയറിവന്നു. ഉടമ മാത്രമേ ഈ സമയത്ത് അകത്തുണ്ടായിരുന്നുള്ളൂ. അകത്ത് കടന്നയുടന്‍ ഒരാള്‍ ഉടമയുടെ കഴുത്തില്‍ കത്തിവെച്ചശേഷം ബഹളമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സ്ഥാപനത്തിനുള്ളില്‍ തന്നെ ഉടമയെ കെട്ടിയിടുകയും ഷര്‍ട്ട് കീറി വായില്‍ തിരുകുകയും ചെയ്തു. സ്ഥാപത്തിലുണ്ടായിരുന്ന 1,65,000 ദിര്‍ഹവും 1,50,000 ദിര്‍ഹം വിലയുള്ള മൊബൈല്‍ ഫോണുകളും സംഘം കവര്‍ന്നശേഷം സ്ഥലംവിട്ടു.

പ്രതികള്‍ പോയിക്കഴിഞ്ഞ് ഉടമെ ഇഴഞ്ഞ് പുറത്തിറങ്ങാന്‍ ശ്രമിച്ചു. സ്ഥാപനത്തിലേക്ക് സാധനങ്ങളുമായി എത്തിയ മറ്റൊരു ഇന്ത്യക്കാരന്‍ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് അനങ്ങാന്‍ കഴിയാത്ത നിലയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പാകിസ്ഥാനിയായ 22കാരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. താന്‍ സി.ഐ.ഡി ഉദ്ദ്യോഗസ്ഥനാണെന്ന് പറഞ്ഞിട്ടില്ലെന്നും കത്തികാട്ടി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു. കേസ് മേയ് 27ലേക്ക് മാറ്റി.