രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ സഹായത്തിനായി യാചിക്കുന്നതിൽ തനിക്ക് ലജ്ജയുണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുറന്നു സമ്മതിച്ചു. ഐഎംഎഫ് സഹായത്തോടെ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ ശ്രമിക്കുകയാണെന്നും ഷെരീഫ്.

ഇസ്ലാമാബാദ്: രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ സഹായത്തിനായി യാചിക്കേണ്ടി വരുന്നതിൽ തനിക്കും സൈനിക മേധാവിക്കും അങ്ങേയറ്റം ലജ്ജയുണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇസ്ലാമാബാദിൽ പ്രമുഖ കയറ്റുമതിക്കാരുടെ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് ഷെരീഫ് ഈ അപൂർവ്വ കുറ്റസമ്മതം നടത്തിയത്. "ഫീൽഡ് മാർഷൽ ആസിം മുനീറും ഞാനും ലോകമെമ്പാടും നടന്ന് പണത്തിനായി യാചിക്കുമ്പോൾ ഞങ്ങൾക്ക് നാണക്കേട് തോന്നുന്നു. കടം വാങ്ങുന്നത് നമ്മുടെ ആത്മാഭിമാനത്തിന് വലിയൊരു ഭാരമാണ്. ലജ്ജ കൊണ്ട് ഞങ്ങളുടെ തല താഴ്ന്നുപോകുന്നു" - ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

കടം തരുന്ന രാജ്യങ്ങളുടെ പല നിബന്ധനകളും ഇഷ്ടമല്ലെങ്കിൽ പോലും 'അല്ല' എന്ന് പറയാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ വിദേശനാണ്യ ശേഖരം ഇരട്ടിയായിട്ടുണ്ടെങ്കിലും അത് സൗഹൃദ രാജ്യങ്ങൾ നൽകിയ കടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡിസംബറോടെ വിദേശനാണ്യ ശേഖരം 20 ബില്യൺ ഡോളറിൽ എത്തിക്കുകയാണ് ലക്ഷ്യം. ഐഎംഎഫിൽ നിന്ന് അടുത്തിടെ 1.2 ബില്യൺ ഡോളർ പാകിസ്ഥാന് ലഭിച്ചു. ഇത് കടം തിരിച്ചടയ്ക്കാനും തകർന്നുപോയ സാമ്പത്തിക അടിത്തറയെ താങ്ങിനിർത്താനും സഹായിച്ചിട്ടുണ്ട്.

പണപ്പെരുപ്പം

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ പലിശനിരക്ക് 10.5 ശതമാനമായി നിലനിർത്തിയിരിക്കുകയാണ്. സാമ്പത്തിക സ്ഥിരത കൈവരിച്ചതായും ഇനി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് മുൻഗണന നൽകുന്നതെന്നും ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പറഞ്ഞു. ഐഎംഎഫ് നിബന്ധനകൾ പാലിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന പാകിസ്ഥാന് കടുത്ത ചെലവ് ചുരുക്കൽ നടപടികൾ തുടരേണ്ടി വരും. ഇത് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നതിനാൽ രാജ്യത്ത് വലിയ രാഷ്ട്രീയ സമ്മർദ്ദവും ഷെരീഫ് ഭരണകൂടം നേരിടുന്നുണ്ട്.