ദില്ലി: പതിനേഴുകാരനെ ബസിൽ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് സ്കൂൾ വിദ്യാർഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. സംഭവത്തെ തുടർന്ന് അധ്യാപകർക്കെതിരെ തുറന്നടിച്ച് കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തുവരികയും അവരുടെ പിഴവാണ് സംഭവങ്ങൾക്ക് കാരണമെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. പഠനത്തിൽ കുട്ടികൾ ഒരു താൽപര്യവും കാണിക്കാറില്ലെന്നും ഇവർ പറയുന്നു.
മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ ഫാക്ടറി തൊഴിലാളികളാണ്. സംഭവത്തെക്കുറിച്ച് ഇതുവരെ തങ്ങളോട് പറഞ്ഞിട്ടില്ലെന്നും രക്ഷിതാക്കൾ പറയുന്നു. അഞ്ചിൽ മൂന്ന് കുട്ടികൾ ബദർപൂർ സർക്കാർ സ്കൂളിലും മറ്റുള്ളവർ സരിത വിഹാറിലെ സ്കൂളിലുമാണ് പഠിക്കുന്നത്. അഞ്ച് പേരും ഉച്ചക്ക് ഒരു മണി മുതൽ ആറ് വരെയുള്ള സായാഹ്ന സ്കൂളിലാണ് പഠിക്കുന്നത്. കൊലപാതകത്തിന് ശേഷം അടുത്ത ദിവസം അഞ്ച് പേരും സ്കൂളിൽ ഹാജരായില്ല. ഏതാനും വർഷം മുമ്പ് ഭർത്താവ് മരിച്ചതിനാൽ തനിക്ക് മകന്റെ കാര്യത്തിൽ ശ്രദ്ധിക്കാനാകുന്നില്ലെന്ന് ആരോപണ വിധേയാനായ 13കാരന്റെ അമ്മ പറയുന്നു. ഇവർ നൂൽ ഫാക്ടറി ജീവനക്കാരിയാണ്.
മക്കളെ പഠിക്കാനാണ് സ്കൂളിൽ വിടുന്നതെങ്കിലും അധ്യാപകർ അവധിയായതിനാൽ അവിടെ ക്ലാസുകൾ നടക്കാറില്ല. അധ്യാപകർ ശ്രദ്ധിക്കാത്തതിനാൽ സ്കൂളിൽ പോകില്ലെന്ന് മകൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് മറ്റൊരു കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടി എങ്ങനെ പഠിക്കുന്നുവെന്ന് അറിയാൻ ശ്രമിച്ചെങ്കിലും സ്കൂളില് നിന്ന് പ്രതികരണം ഇല്ലായിരുന്നു. രക്ഷിതാക്കളെ പോലും അറിയിക്കാതെ കുട്ടികളെ സ്കൂളിൽ നിന്ന് സസ്പെന്റ് ചെയ്തുവെന്നും മറ്റൊരു കുട്ടിയുടെ അമ്മ പറയുന്നു. മറ്റ് കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരുടെ വീഴ്ചയെയാണ് കുറ്റപ്പെടുത്തുന്നത്.
