ശമ്പള വർദ്ധനവ് അടക്കം ആവശ്യങ്ങളുമായി കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ വീണ്ടും സമരത്തിലേക്ക്. അധ്യാപനവും അടിയന്തരമല്ലാത്ത ചികിത്സകളും ബഹിഷ്കരിക്കും. ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായി പ്രതികരിക്കുന്നില്ലെന്ന് പരാതി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ വീണ്ടും സമരത്തിലേക്ക്. സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയാണ് സമരത്തിലേക്ക് നീങ്ങുന്നത്. ശമ്പള വർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അധ്യാപനവും അടിയന്തിര ചികിത്സ ഒഴികെയുള്ള മറ്റു സേവനങ്ങളും ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുവാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള ക്രിയാത്മക നടപടികളും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ചാണ് ഇവർ സമരത്തിലേക്ക് പോകുന്നത്.
സർക്കാർ നടപടിയെടുക്കുന്നത് വരെ ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം ശക്തമാക്കുവാൻ തീരുമാനിച്ചെന്നും 2026 ജനുവരി 13 (ചൊവ്വാഴ്ച) മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനവും തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാൻ സംഘടന തീരുമാനിച്ചു. അവശ്യ - ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നൽകുക, താൽക്കാലിക - കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2025 ജൂലൈ 1 മുതൽ കെജിഎംസിറ്റിഎ പ്രതിഷേധത്തിലാണ്. റിലേ സമരത്തിന് പിന്നാലെ കഴിഞ്ഞ നവംബർ 10 തിയതി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഈ ചർച്ചയിൽ ആവശ്യപ്പെട്ട കാര്യങ്ങൾ അനുകൂലമായി നടപ്പിലാക്കിയില്ല എന്നാരോപിച്ചാണ് വീണ്ടും സമരം ശക്തമാക്കാൻ സംഘടന ഒരുങ്ങുന്നത്.


