നിയമസഭാ തെരഞ്ഞെടുപ്പിന് കുട്ടനാട്ടിൽ മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി ചർച്ച ഏറെക്കുറെ പൂർത്തിയായി. മൂന്ന് മുന്നണികളുടെയും ഘടക കക്ഷികളാണ് കുട്ടനാട്ടിൽ മത്സരിക്കുന്നത്
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കളം മുറുകുമ്പോൾ കുട്ടനാട്ടിൽ ചിത്രം തെളിയുന്നു. മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി ചർച്ച ഏറെക്കുറെ പൂർത്തിയായി. മൂന്ന് മുന്നണികളുടെയും ഘടക കക്ഷികളാണ് കുട്ടനാട്ടിൽ മത്സരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എൽഡിഎഫിൽ എൻസിപി, യുഡിഎഫ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം, എൻഡിഎയിൽ ബിഡിജെഎസ് എന്നിങ്ങനെ മൂന്ന് മുന്നണികളും ഘടകക്ഷികൾക്ക് നൽകിയിരിക്കുന്ന സീറ്റാണ് കുട്ടനാട്. സിറ്റിങ് എംഎൽഎ എൻസിപിയുടെ തോമസ് കെ തോമസ് തന്നെ എൽഡിഎഫിൽ മത്സരിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
യുഡിഎഫിലും എൽഡിഎഫിലും തർക്കം നടക്കുന്ന സീറ്റ് കൂടിയാണ് കുട്ടനാട്. എൻസിപിയിൽ നിന്ന് സിപിഎം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഇടതുമുന്നണിയിൽ ഉയർന്നിരുന്നു. തോമസ് കെ തോമസിനെതിരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പടെ ഒരു വിഭാഗം രൂക്ഷമായ വിമർശനവും ഉയർത്തിയിരുന്നു. എന്നാൽ, നിലവിൽ എൽഡിഎഫിലെ പൊതുധാരണ അനുസരിച്ച് ഘടക കക്ഷി സീറ്റ് സിപിഎം ഏറ്റെടുക്കില്ല. ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിച്ച് ഒപ്പം നിർത്തി മുന്നോട്ട് പോകാനാണ് മുന്നണി തീരുമാനം.
എൻസിപി പിളർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേരുമ്പോൾ തന്നെ കുട്ടനാട് സീറ്റ് ഉറപ്പിച്ചതാണ് റെജി ചെറിയാൻ. കാലേകൂട്ടി മണ്ഡലത്തിൽ പ്രവർത്തനങ്ങളും ആരംഭിച്ചു. എന്നാൽ, സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് സജി ജോസഫ്, അനിൽ ബോസ് അടക്കമുള്ളവരെ പരിഗണിക്കണമെന്നായിരുന്നു വാദം. എന്നാൽ, ഘടക കക്ഷികളെ പിണക്കികൊണ്ടുള്ള ഒരു ചർച്ച നേതൃതലത്തിൽ ഇല്ല. എൻഡിഎയെ സംബന്ധിച്ച് പ്രധാനപ്പെട്ട സീറ്റുകളിൽ ഒന്നാണ് കുട്ടനാട്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തന്നെ രംഗത്ത് ഇറങ്ങണമെന്നാണ് ആവശ്യം. എന്നാൽ, തുഷാർ സമ്മതം മൂളിയിട്ടില്ല. പരിഗണനയിൽ ഉള്ള മറ്റൊരു പേര് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും കുട്ടനാട്കാരനുമായ സന്തോഷ് ശാന്തിയുടേതാണ്.



