ഹിസാര്‍: അമ്മയോടൊപ്പം കിടന്നുറങ്ങിയ അഞ്ച് വയസുകാരിയെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. കുട്ടിയുടെ ശരീരത്തില്‍ അക്രമി വടി കുത്തിയിറക്കിയതായും വീട്ടുകാര്‍ ആരോപിച്ചു. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. ഇന്ന് രാവിലെ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇന്നലെ രാത്രി മകള്‍ക്കൊപ്പം താന്‍ വീട്ടില്‍ ഉറങ്ങാനായി കിടന്നുവെന്ന് കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. രാവിലെ എഴുനേറ്റപ്പോള്‍ മകളെ കാണാനില്ലായിരുന്നു. അയല്‍ക്കാരോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തി വരവെ ഗ്രാമത്തിലെ മറ്റൊരു പ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തല്‍ അക്രമി വടി കുത്തിയിറക്കിയെന്നും ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയതെന്നും ഒരു ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. വായില്‍ നിന്നടക്കം രക്തം വരുന്നുണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടി ലൈംഗിക ചൂഷണത്തിനിരയായി കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും വിശദ വിവരങ്ങള്‍ ഫോറന്‍സിക്-പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ശേഷമേ വ്യക്തമാവൂയെന്നും ഹിസാറിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിതേന്ദര്‍ കുമാര്‍ പറഞ്ഞു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

നിര്‍ഭയ സംഭവത്തിന്റെ അഞ്ചാം വാര്‍ഷികത്തിന് ഇനി ഒരാഴ്ച ശേഷിക്കെയാണ് ദില്ലിയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെ ഹിസാറില്‍ പിഞ്ചുകുഞ്ഞ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.