ദില്ലി: ദില്ലിയില്‍ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരനെ മോചിപ്പിച്ചു. ഗുണ്ടാ സംഘവും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ സംഘത്തിലെ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെ ഓപ്പറേഷന്‍ തിയേറ്ററില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. മറ്റൊരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഘാസിയാബാദില്‍ വച്ച് ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
സംഘത്തില്‍നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിനെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ജനുവരി 25ന് മുഖംമൂടി ധരിച്ച്, ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂള്‍ ബസ് തടഞ്ഞുവച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ബസ് ഡ്രൈവറുടെ കാലിന് വെടിയുതിര്‍ത്താണ് ഇവര്‍ കുഞ്ഞിനെയും കൊണ്ട് കടന്നുകളഞ്ഞത്. 20 കുട്ടികളുമായി രാവിലെ 7.30ന് സ്‌കൂളിലേക്ക് പോകുകയായിരുന്നു ബസ്.
കഴിഞ്ഞ 10 ദിവമായി തട്ടിക്കൊണ്ടുപോയ സംഘത്തിനായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. ജനുവരി 28ന് കുട്ടിയുടെ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് 50 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടത് ഇവരെ കണ്ടെത്താന്‍ പൊലീസിന് വഴി തുറക്കുന്നുകൊടുക്കുകയായിരുന്നു.
photo courtesy: ndtv
