സ്കൂളില്‍ വെച്ച് കൈ മുറിഞ്ഞതിനാണ് അഞ്ച് വയസുകാരനായ ബംഗളൂരു സ്വദേശി ലക്ഷയെ അച്ഛനും അമ്മയും ചേര്‍ന്ന് മല്ല്യ ആശുപത്രിയിലെത്തിച്ചത്. വിരലില്‍ ചെറിയ ശസ്ത്രക്രിയ ചെയ്യണമെന്നും 20 മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന ചെറിയൊരു ഓപറേഷനാണെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് പിതാവ് പുരുഷോത്തം പറയുന്നു. എന്നാല്‍ ഓപറേഷന്‍ തീയറ്ററിനുള്ളിലേക്ക് പോയ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് പുറത്തുവന്നത്. ഹൃദയത്തിനും ശ്വാസകോശത്തിനുമുണ്ടായ ചില പ്രശ്നങ്ങള്‍ കാരണം കുട്ടി കോമയിലായെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുട്ടിയെ ഈ അവസ്ഥയിലെത്തിച്ചതിന് ഉത്തരവാദി ആശുപത്രി അധികൃതരും ഡോക്ടര്‍മാരും മാത്രമാണെന്ന് ലക്ഷ്യയുടെ പിതാവ് പറഞ്ഞു.

ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞ് 11 ദിവസം കഴിഞ്ഞിട്ടും ആരോഗ്യസ്ഥിതിയില്‍ യാതൊരു പുരോഗതിയുമില്ലാതെ മണിപ്പാല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കുട്ടിയെ. ശസ്ത്രക്രിയ ആറു മണിക്കൂറിനുള്ളില്‍ ചെയ്യണമെന്ന് പറഞ്ഞ് 60,000 രൂപ ആശുപത്രി തന്നില്‍ നിന്ന് ഈടാക്കിയെന്നും പിതാവ് പറയുന്നു. ഒടുവില്‍ കോമയിലായ കുട്ടിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഹൃദയത്തിനും തലച്ചോറിനും ഗുരുതരമായ പ്രശ്നങ്ങളോടെയാണ് കുട്ടിയെ മണിപ്പാല്‍ ആശുപത്രിയിലെത്തിച്ചതെന്ന് ന്യൂറോളജിസ്റ്റ് ‍ഡോ. മുരളി പറഞ്ഞു. ഹൃദയവും ശ്വാസകോശവും നേരെയായെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. 

കുട്ടിയെ രക്ഷിക്കാന്‍ എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കുമെന്ന് മണിപ്പാല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മല്ല്യ ആശുപത്രിയില്‍ ചികിത്സാപിഴവ് വന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്നും കര്‍ണ്ണാടക ആരോഗ്യ മന്ത്രി യുടി ഖാദര്‍ പറഞ്ഞു.