ദില്ലി: പശുക്കള്‍ക്ക് ആധാറിന് സമാനമായ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് 50 കോടി രൂപയാണ് ഒന്നാം തീയ്യതി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചത്. ആദ്യ ഘട്ടത്തില്‍ 40 കോടി പശുക്കള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്.
പശുക്കളുടെ ഇനം, വയസ്, ലിംഗം, ഉയരം, തിരിച്ചറിയുന്നതിനുള്ള അടയാളങ്ങള്‍ എന്നീ വിവരങ്ങളാണ് കാര്‍ഡില്‍ ഉള്‍പ്പെടുന്നത്. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കാര്‍ഡ് നിര്‍മ്മിക്കുന്നതിനും കാര്‍ഡില്‍ കൃത്രിമത്വം കാണിക്കാതിരിക്കാനുമുള്ള സാങ്കേതിക വിദ്യയാണ് ലഭ്യമാക്കിയിരിക്കുന്നത്. ഒരു കാര്‍ഡ് നിര്‍മ്മിക്കുന്നതിന് എട്ടു രൂപമുതല്‍ പത്തു രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. മൃഗസംരക്ഷണ ഫണ്ടിനായി സര്‍ക്കാര്‍ ബജറ്റില്‍ 10,000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതിനു പുറമെ കൃത്രിമ ബീജസങ്കലനത്തിലൂടെ മികച്ച ഇനം കന്നുകാലികളെ വളര്‍ത്തിയെടുക്കുന്നതിനായി 200 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു.
