എംപിയുടെ വീട്ടില്‍ മോഷ്ടിയ്ക്കാന്‍ കയറിയ കള്ളന്‍റെ പക്കല്‍ നിന്ന് പൊലീസിന് ലഭിച്ചത് 1.14 കോടി രൂപയാണ്
പാറ്റ്ന: ബീഹാറിലെ ബിജെപി എംപി ഗിരിരാജ് സിംഗിന്‍റെ വീട്ടില്‍ മോഷണം നടന്നെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ബിജെപി എംപിയുടെ വീട്ടില്‍ മോഷ്ടിയ്ക്കാന്‍ കയറിയ കള്ളന്‍റെ പക്കല്‍ നിന്ന് പൊലീസിന് ലഭിച്ചത് 1.14 കോടി രൂപയാണ്.
ഇതിന് പുറമെ 600 യുഎസ് ഡോളര്‍, രണ്ട് സ്വര്‍ണ മാല, സ്വര്‍ണ കമ്മലുകള്‍, സ്വര്‍ണ ലോക്കറ്റ്, 14 വെള്ളി നാണയങ്ങള്‍, ഏഴ് ആഡംബര വാച്ചുകള്‍ എന്നിവയും മോഷ്ടാവ് ദിനേഷ് കുമാറില്‍നിന്ന് പൊലീസ് പിടികൂടി. എല്ലാം വെസ്റ്റ് പാറ്റ്നയിലെ എംപിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ചതാണെന്നാണ് ദിനേഷ് പൊലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ 50000 രൂപയും കുറച്ച് ആഭരണങ്ങളും മോഷണം പോയെന്നായിരുന്നു എം പി പൊലീസിനെ അറിയിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് ദിനേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രിവരെയും എംപിയോ കുടുംബാംഗങ്ങളോ പൊലീസുമായി ബന്ധപ്പെട്ടില്ല. തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
എന്നാല്‍ പിടച്ചെടുത്ത മോഷണ മുതല്‍ തന്‍റേതാണെന്ന് സിംഗ് പറയുന്നത് വരെയും അത് അദ്ദേഹത്തിന്‍റേതാണെന്ന് കരുതാനാകില്ല. ആ വസ്തുക്കളുടെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുന്നതിലേക്ക് അന്വേഷണം നീങ്ങണമെന്നും സംസ്ഥാന ബിജെപി നേതൃത്വം പറഞ്ഞു. അതേസമയം അദായ നികുതി വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
