മായം കലർത്തിയതായി കണ്ടെത്തിയ 51 വെളിച്ചെണ്ണ ബ്രാൻഡുകൾ സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം: മായം കലർത്തിയതായി കണ്ടെത്തിയ 51 വെളിച്ചെണ്ണ ബ്രാൻഡുകൾ സംസ്ഥാനത്ത് നിരോധിച്ചു. സർക്കാർ ബ്രാൻഡായ കേര വെളിച്ചെണ്ണയെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇതിൽ 22 ബ്രാൻഡുകൾ വിൽപ്പന നടത്തിയിരുന്നത്. കേര നാളികേരം വെളിച്ചെണ്ണ, കേര മൗണ്ട്, കേര സ്വാദ്, കേര ലൈഫ്, കേര സ്റ്റാർ, കേര രുചി എന്നിവയാണ് നിരോധിച്ച ബ്രാൻഡുകളിൽ ചിലത്.
നിരോധിക്കപ്പെട്ട ബ്രാൻഡ് വെളിച്ചെണ്ണകൾ സംഭരിക്കുന്നതും വിൽപ്പന നടത്തുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ എം.ജി. രാജമാണിക്യം അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരോധിച്ച 96 ബ്രാൻഡുകളിൽ 41 എണ്ണവും കേരയുടെ മറവിലായിരുന്നുവെന്നും രാജമാണിക്യം പറഞ്ഞു.
