പന്തളം: പന്തളത്ത് കല്ലേറിൽ മരിച്ച ശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താന്റെ സംസ്കാരം ഇന്ന്. രാവിലെ കർമ്മസമിതി പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി, പന്തളം ടൗണിൽ പൊതുദർശനത്തിന് വയ്ക്കും. കുരമ്പാലയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

നേരത്തെ വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍  തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന്  ഇതാകാം മരണകാരണമെന്നാണ് പറയുന്നത്.  തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങൾ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഹൃദയശസ്ത്രക്രിയ നടത്തിയ ആളാണ് പന്തളം സ്വദേശി ചന്ദ്രൻ ഉണ്ണിത്താൻ.

ഉണ്ണിത്താൻ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി രാവിലെ പറഞ്ഞത്. ഹൃദയസ്തംഭനമുണ്ടായതിന് കാരണം കല്ലേറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇന്നലെ പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താന്‍റെ തലയ്ക്ക് പരിക്കേറ്റത്. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ കസ്റ്റഡിയിലാണ്. തലയിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം  കൂടിയതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.