Asianet News MalayalamAsianet News Malayalam

അണ്ടല്ലൂര്‍ സന്തോഷ് വധം: ആറു സിപിഎമ്മുകാര്‍ അറസ്റ്റില്‍

6 cpim workers held in santhosh murder case
Author
First Published Jan 20, 2017, 11:59 PM IST

കണ്ണൂര്‍: ആണ്ടല്ലൂര്‍ സന്തോഷ് വധക്കേസില്‍ ആറു സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം രാഷ്‌ട്രീയപ്രേരിതമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്വത്ത് തര്‍ക്കവും കുടുംബപ്രശ്‌നങ്ങളുമാണ് സന്തോഷ് കൊല്ലപ്പെടാന്‍ കാരണമെന്നായിരുന്നു സിപിഐഎം ഇതുവരെ വാദിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസം ആറു സിപിഐഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ ഉള്‍പ്പെട്ട ആറുപേരുടെ അറസ്റ്റാണ് ഇന്നു രാവിലെ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായവര്‍ അണ്ടല്ലൂരിലെ സിപിഐഎം പ്രവര്‍ത്തകരാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി അണ്ടല്ലൂരിലും പ്രദേശത്തും നിലനിന്നിരുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ കൊലപാതകവുമെന്ന് പൊലീസ് പറയുന്നു. സിപിഐഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. പരിക്കേല്‍പ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചത്. എന്നാല്‍ ആക്രമത്തില്‍ കരളിനേറ്റ പരിക്ക് സന്തോഷിന്റെ മരണത്തിന് കാരണമാകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ സന്തോഷിന്റെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ രക്തം വാര്‍ന്നാണ് സന്തോഷിന്റെ മരണം സംഭവിച്ചതെന്നും പറയപ്പെടുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് മരണകാരണമായി.

Follow Us:
Download App:
  • android
  • ios