അഹമ്മദാബാദ്: ശങ്കര്‍സിംഗ് വഗേല പുറത്തുപോയതിനുപിന്നാലെ ഗുജറാത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്. ഇന്നലെയും ഇന്നുമായി ആറ് എംഎല്‍എമാര്‍ രാജി വെച്ചതോടെ ഗുജറാത്തില്‍ കോണ്‍ഗ്രസ് അടിപതറുന്നു. മാന്‍സിംഗ് ചൗഹാന്‍, ഛിന്നാഭായ് ചൗധരി രാംസിംഗ് പര്‍മാര്‍ എന്നിവരാണ് ഇന്ന് നിയമസഭാ സ്‌പീക്കര്‍ രമണ്‍ലാല്‍ വോറയെകണ്ട് രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട ശങ്കര്‍സിംഗ് വഗേലയുടെ അടുപ്പക്കാരാണ് ഇപ്പോള്‍ കലാപക്കൊടി ഉയര്‍ത്തുന്നത്.
ഇന്നലെ പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് ചീഫ് വിപ്പായിരുന്ന ബല്‍വന്ദ് സിംഗിന് ബിജെപി രാജ്യസഭാ ടിക്കറ്റ് നല്‍കി. കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുനല്‍കുമെന്നും അറിയുന്നു. ഓഫര്‍ സ്വീകരിച്ച് ഇനിയും 14ഓളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
ഇതോടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം നല്‍കിയ സോണിയാഗാന്ധിയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലിലായി. വിജയിക്കാന്‍ 47 എംഎല്‍എമാരുടെ പിന്തുണയാണ് പട്ടേലിന് വേണ്ടത്. നിലവില്‍ 51പേരുണ്ടെങ്കിലും പലരും മറുകണ്ടംചാടുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ക്യാംപ്.
ഗുജറാത്തില്‍ ബിജെപി ഭരണസ്വാധീനം ഉപയോഗിച്ച് എംഎല്‍എമാരെ തട്ടിക്കൊണ്ട് പോവുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് രാജ്യസഭയില്‍ ബഹളംവെച്ചു. ബഹളത്തില്‍ നിരവധിതവണ തടസ്സപ്പെട്ട സഭ ഇന്നത്തേക്ക് പിരിഞ്ഞു. കൊഴിഞ്ഞുപോക്ക് തടയാന്‍ മുതര്‍ന്നനേതാക്കളായ അഹമ്മദ് പട്ടേല്‍, അശോക് ഗെഹ്‌ലോട്ട് എന്നിവരുടെ നേതൃത്വത്തില്‍ എംഎല്‍എമാരുമായി തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുകയാണ് കോണ്‍ഗ്രസ്.
