ഗാന്ധിനഗര്‍: ശങ്കർസിംഗ് വകേല പുറത്തുപോയതിനുപിന്നാലെ ഗുജറാത്തിൽ ആടിയുലഞ്ഞ് കോൺഗ്രസ്. ഇന്നലെയും ഇന്നുമായി ആറ് എംഎൽഎമാർ പാർട്ടിവിട്ടു. ഇതോടെ രാജ്യസഭാ സീറ്റിലെ അഹമ്മദ് പട്ടേലിന്റെ വിജയം അനിശ്ചിതത്വത്തിലായി. കോടികൾ നൽകി എംഎൽഎമാരെ ചാക്കിട്ടുപിടിക്കുകയാണ് ബിജെപിയെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇന്നലെയും ഇന്നുമായി ആറ് എംഎൽഎമാർ രാജി വെച്ചതോടെ ഗുജറാത്തിൽ കോൺഗ്രസ് അടിപതറുന്നു. മാൻസിംഗ് ചൗഹാൻ, ഛിന്നാഭായ് ചൗധരി രാംസിംഗ് പർമാർ എന്നിവരാണ് ഇന്ന് നിയമസഭാ സ്പീക്കർ രമൺലാൽ വോറയെകണ്ട് രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കതിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട ശങ്കർസിംഗ് വകേലയുടെ അടുപ്പക്കാരാണ് ഇപ്പോൾ കലാപക്കൊടി ഉയർത്തുന്നത്.
ഇന്നലെ പാർട്ടിവിട്ട കോൺഗ്രസ് ചീഫ് വിപ്പായിരുന്ന ബൽവന്ദ് സിംഗിന് ബിജെപി രാജ്യസഭാ ടിക്കറ്റ് നൽകി. കോൺഗ്രസ് വിട്ടുവരുന്നവർക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റുനൽകുമെന്നും അറിയുന്നു. ഓഫർ സ്വീകരിച്ച് ഇനിയും 14ഓളം കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ഇതോടെ രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദേശം നൽകിയ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലിലായി.
വിജയിക്കാൻ 47 എംഎൽഎമാരുടെ പിന്തുണയാണ് പട്ടേലിന് വേണ്ടത്. നിലവിൽ 51പേരുണ്ടെങ്കിലും പലരും മറുകണ്ടംചാടുമെന്ന ആശങ്കയിലാണ് കോൺഗ്രസ് ക്യാംപ്. ഗുജറാത്തിൽ ബിജെപി ഭരണസ്വാധീനം ഉപയോഗിച്ച് എംഎൽഎമാരെ തട്ടിക്കൊണ്ട് പോവുകയാണെന്നാരോപിച്ച് കോൺഗ്രസ് രാജ്യസഭയിൽ ബഹളംവെച്ചു.
ബഹളത്തിൽ നിരവധിതവണ തടസ്സപ്പെട്ട സഭ ഇന്നത്തേക്ക് പിരിഞ്ഞു. കൊഴിഞ്ഞുപോക്ക് തടയാൻ മുതർന്നനേതാക്കളായ അഹമ്മദ് പട്ടേൽ, അശോക് ഗെഹ്ലോട്ട് എന്നിവരുടെ നേതൃത്വത്തിൽ എംഎൽഎമാരുമായി തിരക്കിട്ട കൂടിയാലോചനകൾ നടത്തുകയാണ് കോൺഗ്രസ്
