കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഡിഫ്തീരിയ ആശങ്കയുയര്‍ത്തി പടരുന്നു. ഇന്ന് ആറു പേരെ ഡിഫ്‌തീരിയ ലക്ഷണങ്ങളോടെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ജില്ലയില്‍ 18 പേര്‍ക്കാണ് ഡിഫ്തീരിയ ചികിത്സകള്‍ നല്‍കുന്നത്. ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ പ്രസ്താവിച്ചു.

കണക്കുകൂട്ടുന്നതിലും വേഗത്തിലാണ് കോഴിക്കോട് ജില്ലയില്‍ ഡിഫ്തീരിയ പടരുന്നത്. ആറു പേര്‍ക്ക് കൂടി ഇതിനോടകം ഡിഫ്തിരീയ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ഡിഫ്തീരിയ ആശങ്കയുണ്ടാക്കും വിധം വ്യാപിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഡിഫ്തീരിയ പ്രതിരോധത്തിന് നല്‍കുന്ന ടി ഡി വാക്‌സിന് ആവശ്യത്തിനുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടെന്നും അധികൃതര്‍ പറയുന്നു.

അസുഖം പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിന് പുറമെ ബീച്ച് ആശുപത്രിയിലും ഡിഫ്തീരിയ ചികിത്സക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും. സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. ഡിഫ്തീരിയ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ പ്രസ്താവിച്ചു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.