കട്ടപ്പന ഗവണ്‍മെന്റ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വിഷ്‍ണു പ്രസാദാണ് തന്നെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ എം.ബി. ജിഷ്ണു, ഷെഫീക് കെ. ബഷീര്‍, സോമിന്‍ സണ്ണി, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ കെ.എസ്. സൈജോ, നൃപന്‍ ഉണ്ണി, ടി.എന്‍. ജെന്‍സണ്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഇവരില്‍ ഹോസ്റ്റലില്‍ താമസിക്കുന്ന മൂന്നു പേരെ അവിടെ നിന്നും പുറത്താക്കാനും തീരുമാനമായി.
കോളജിലെ ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ യു.ജി.സി പറയുന്ന തരത്തിലുള്ള രണ്ടു തരം റാഗിങ് ഇവര്‍ നടത്തിയതായി കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്റി റാഗിങ് കമ്മിറ്റി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഡെപ്യൂട്ടി കളക്ടര്‍ ടി.ജി സജീവ് കുമാര്‍, കട്ടപ്പന ഡി.വൈ.എസ്.പി എന്‍.സി രാജ്മോഹന്‍ കോളേജ് പ്രിന്‍സിപ്പാള്‍, മാധ്യമ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രതിനിധി, അധ്യാപകര്‍, അനധ്യാപകര്‍, പി.ടി.എ, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട 19 അംഗ കമ്മറ്റിയാണ് യോഗം ചേര്‍ന്നത്.
സസ്‌പെന്റ് ചെയ്യപ്പെട്ട അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കോളജിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികള്‍ ആലോചിക്കാന്‍ അടുത്ത ദിവസം സര്‍വ കക്ഷിയോഗവും പി.ടി.എ യോഗവും വിളിക്കാനും ആന്റി റാഗിംഗ് കമ്മറ്റി നിര്‍ദ്ദേശിച്ചു. സംഭവം സംബന്ധിച്ച് കട്ടപ്പന പൊലീസ് കേസ്സെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
