ഒരു മാസം മുന്‍പ് നടന്ന സംഭവമാണെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന് മനസിലായ ശേഷമാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ സ്ത്രീ തയ്യാറായത്.

കോട്ട: 40 വയസുകാരിയെ ആറ് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഒരു മാസം മുന്‍പ് നടന്ന സംഭവമാണെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന് മനസിലായ ശേഷമാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ സ്ത്രീ തയ്യാറായത്. വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ആറ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട. എന്നാല്‍ ഇവരില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കോട്ടയിലെ ഡാക്നിയ റെയില്‍വേ സ്റ്റേഷന് സമീപ് ഒരു ധാബയില്‍ ജോലി ചെയ്തിരുന്ന സ്ത്രീയാണ് പീഡനത്തിനിരയായത്. ഒരു ബന്ധുവിന്റെ വീട്ടില്‍ പോകാനായി നടന്നു പോയിരുന്ന തന്റെ അടുത്ത് വന്ന ചേതന്‍ മീണ (21) എന്നയാള്‍ ബന്ധുവീടിന് സമീപത്ത് ഇറക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിയെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ തൊട്ടടുത്തുള്ള സമാസ്പുര ഗ്രാമത്തിലെ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്കാണ് തന്നെ കൊണ്ടുപോയതെന്നും അവിടെ കാത്തുനിന്ന അഞ്ച് പേരും കൂടിച്ചേര്‍ന്ന് തന്നെ മാറിമാറി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.

തൊട്ടടുത്ത ദിവസം തന്നെ ബന്ധുവീട്ടില്‍ കൊണ്ടാക്കിയ സംഘം, ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ കുടുംബത്തിലെ പലരെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇത് കാരണം ആരെയും അറിയിച്ചിരുന്നില്ല. എന്നാല്‍ പീഡനത്തിനിടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പലര്‍ക്കും പ്രതികള്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇത് അറിഞ്ഞതോടെയാണ് പരാതിപ്പെടാന്‍ തീരുമാനിച്ചത്. 

മൂന്ന് പ്രതികളെ വീഡിയോയില്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി സ്ത്രീയുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.