പടിഞ്ഞാറന്‍ യു.പിയിലും റോഹില്‍കണ്ഡ് മേഖലയിലും നടന്ന ആദ്യ രണ്ട് ഘട്ടങ്ങളിലെ പോലെ മധ്യ യു.പിയിലെ അവദ് മേഖലയില്‍ നടന്ന മൂന്നാംഘട്ട വോട്ടെടുപ്പിലും പോളിങ് ശതമാനം ഉയര്‍ന്നു. സാധാരണ നിലയില്‍ നിന്നുമാറി ലക്നൗ ഉള്‍പ്പടെയുള്ള നഗര പ്രദേശങ്ങളിലെ പോളിങ് ബൂത്തുകളില്‍ രാവിലെ മുതല്‍ തന്നെ നല്ല തിരിക്ക് അനുഭവപ്പെട്ടു. 12 ജില്ലകളിലായി 69 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാനമത്സരം നടന്നത്. പാര്‍ട്ടിയില്‍ അഖിലേഷ് യാദവിന്റെ എതിരാളി ശിവ്പാല്‍ യാദവ് ഇട്ടാവയിലെ ജസ്‍വന്ത് നഗര്‍ മണ്ഡലത്തില്‍ നിന്നും മുലായംസിംഗ് യാദവിന്റെ ഇളയ മരുമകള്‍ അപര്‍ണ യാദവ് ലക്നൗ കാന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടി. 

സമാജ്‍വാദി പാര്‍ട്ടിയുടെ ജന്മനാടായ ഇട്ടാവയിലെ വിമത പോരാട്ടങ്ങളും ഈ ഘട്ടത്തെ ശ്രദ്ധേയമാക്കി. മുലായംസിങ് യാദവ്, അഖിലേഷ് യാദവ് ഉള്‍പ്പടെ എസ്.പി പരിവാറിലെ എല്ലാ നേതാക്കളും ഇട്ടാവയിലെ പോളിങ് ബൂത്തുകളിലും ബി.എസ്.പി നേതാവ് മായാവതി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ ലക്നൗവിലെ വിവിധ ബൂത്തുകളിലും വോട്ടുചെയ്തു.