ദില്ലി: ബലാത്സംഗം തടയാന്‍ ശ്രമിച്ച അറുപതുകാരി കൊല്ലപ്പെട്ടു. രാജസ്​ഥാനിലെ ബരാൻ ജില്ലയിലാണ്​ സംഭവം. തലക്കടിയേറ്റ്​ മരിച്ച നിലയിൽ സ്​ത്രീയുടെ മൃതദേഹം സലേരി വില്ലേജിലെ വീട്ടിലാണ്​ കണ്ടത്​. മുപ്പതുകാരനായ അയൽവാസി സുരാജ്​മാൾ അഹേദി എന്ന സുർജയെ അറസ്​റ്റ്​ ചെയ്​തതായി കെൽവാഡ പൊലീസ് സ്​റ്റേഷനിലെ വിജേന്ദ്രസിങ്​ ജാദോൻ പറഞ്ഞു. ഇയാളെ മജിസ്​ട്രേറ്റിന്​ മുമ്പാകെ ഹാജരാക്കും.

മദ്യലഹരിയിലായിരുന്ന ഇയാൾ രാത്രി 11 മണിയോടെ വീട്ടിനകത്ത്​ കയറി സ്​ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്ത്രീ ഇയാളെ പ്രതിരോധിക്കുകയും വീട്ടിൽ നിന്ന്​ പുറത്താക്കാൻ ശ്രമിക്കുകയും ചെയ്​തു. തുടര്‍ന്ന് അടുപ്പിന്​ സമീപത്ത്​ നിന്ന്​ മരക്കഷ്​ണം എടുത്ത ഇയാൾ സ്​ത്രീയുടെ തലക്കടിക്കുകയായിരുന്നു. ഇതോടെ സ്​ത്രീ അബോധാവസ്​ഥയിലായി. സംഭവം മറ്റാരോടെങ്കിലും പറയുമെന്ന്​ ഭയപ്പെട്ട സുരാജ്​മാൾ അരക്കല്ല്​ എടുത്ത്​ തലക്കടിക്കുകയായിരുന്നു.

സംഭവത്തിന്​ ശേഷം ഇയാൾ സ്ഥലത്ത്​ നിന്ന്​ മുങ്ങിയതായി പൊലീസ്​ പറഞ്ഞു. വിധവയായ സ്​ത്രീ തനിച്ചാണ്​ താമസിച്ചിരുന്നത്​. മൂന്ന്​ മക്കൾ ഉണ്ടെങ്കിലും ജോലിയുമായി ബന്ധപ്പെട്ട്​ ഗ്രാമത്തിനടുത്താണ്​ താമസിച്ചിരുന്നത്​.