Asianet News MalayalamAsianet News Malayalam

സന്നിധാനത്തെ സമരം: 65 പേര്‍ അറസ്റ്റില്‍‍; ഇരുന്നൂറോളം പേര്‍ക്കെതിരെ കേസ്; വ്യാപക പ്രതിഷേധം

സന്നിധാനത്തുനിന്നും കസ്റ്റ‍ഡിയിലെടുത്തവരില്‍ 72 പേരില്‍ 65 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

65 Arrested in sabarimala
Author
Kerala, First Published Nov 19, 2018, 8:56 AM IST

ശബരിമല: സന്നിധാനത്തുനിന്നും കസ്റ്റ‍ഡിയിലെടുത്തവരില്‍ 72 പേരില്‍ 65 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ നിലയ്ക്കൽ നിന്നും വന്ന ഡോക്ടർ വൈദ്യപരിശോധന നടത്തി.

തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. നേരത്തെ 200ഓളം വരുന്ന ആളുകളായിരുന്നു സന്നിധാനത്ത് പ്രതിഷേധിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്ത് പ്രതിഷേധിച്ചതും സംഘര്‍ഷത്തന് ശ്രമിച്ചതുമാണ് ഇവര്‍ക്കെതിരായ കുറ്റം.

അതേസമയം നാമജപ സമരം നടത്തിയവരെ അറസ്റ്റ്  ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്.  യുവമോര്‍ച്ച സംസ്ഥാനത്ത് ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ മണിയാര്‍ എആര്‍ ക്യാംപിന് മുന്നില്‍ നാമജപ പ്രതിഷേധം തുടരുകയാണ്. ബിജെപി സംസ്ഥാന നേതാവ് ശോഭ സുരേന്ദ്രനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ നേതാക്കള്‍ അവിടേയ്ക്ക് എത്തുമെന്നാണ് വിവരം.

ഇന്നലെ നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തതു മുതല്‍ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധ പരിപാടികള്‍ക്കാണ് വിവിധ ഹിന്ദു സംഘടനകള്‍ നേതൃത്വം നല്‍കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി മലപ്പുറം അങ്ങാടിപ്പുറത്ത്  പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചിരുന്നു. കോഴിക്കോട്- പാലക്കാട് ദേശീയപാതയാണ് പ്രതിഷേധക്കാര്‍ ഉപരോധിച്ചത്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിനു മുന്നിലായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും നാപജപ പ്രതിഷേധം നടന്നു. പുലര്‍ച്ചെ 1.30ന് തുടങ്ങിയ സമരം രാവിലെ നാല് മണിയോടെയാണ് അവസാനിപ്പിച്ചത്. ക്ലിഫ് ഹൗസിന് മുമ്പില്‍ കനത്ത പൊലിസ് വിന്യാസം. നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പ്രതിഷേധം ശക്തമായിരുന്നു. 

പാറശാല, നേമം, നെയ്യാറ്റിന്‍കര, ആലപ്പുഴ, ആറന്‍മുള പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ രാവിലെ  വൈകിയും പ്രതിഷേധം തുടരുകയാണ്.  കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കൊച്ചിയിലും കോഴിക്കോടും തലശേരിയിലും നിലമ്പൂരിലും അടക്കം സംസ്ഥാനത്തെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനിലും നാമജപ പ്രതിഷേധം നടന്നു.

ആറന്‍മുളയില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ വസതിക്ക് മുന്നിലും പ്രതിഷേധമുണ്ടായി . വീട് പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ അമ്പതോളം പേരാണ് വീടിന് മുന്നില്‍ കുത്തിയിരുന്ന് നാമജപ പ്രതിഷേധം നടത്തിയത്. 

ആറന്‍മുള. സ്റ്റേഷന് സമീപമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ വീട്. അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് നേരത്തെ  യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

രാത്രി 10 മണിക്ക് ശേഷം സന്നിധാനത്ത് ആളുകളെ തങ്ങാന്‍ അനുവദിക്കില്ല എന്നായിരുന്നു പൊലിസിന്‍റെ നിലപാട്. എന്നാല്‍ നട അടച്ചതിനു ശേഷവും ആളുകള്‍ പ്രതിഷേധം തുടര്‍ന്നു. ഇതോടെ പ്രതിഷേധം നടത്തിയവരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ കുത്തിയിരുന്ന് നാമജപം നടത്തിയായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. 

എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. 

പൊലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. സംഘപരിവാര്‍ അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണെന്നും നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്നും പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും പൊലീസ് പ്രതിഷേധക്കാരോട് വ്യക്തമാക്കി. എന്നാല്‍ വീണ്ടും ഇവര്‍ പ്രതിഷേധിച്ച സാഹചര്യത്തില്‍ പൊലിസ് അറസ്റ്റിലേക്ക് നീങ്ങി.

പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല എന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അറസ്റ്റ് ചെയ്തുവെന്നാണ്  വിശദീകരണം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. ഹരിവരാസനത്തിന് ശേഷം പിരിയാമെന്ന വാക്ക് പാലിച്ചില്ല. പൊലിസ് തീര്‍ത്ഥാടകര്‍ക്ക് എതിരല്ലെന്നും എസ്‌പി പ്രതീഷ് കുമാര്‍ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios