കോഴിക്കോട് കുറ്റ്യാടിയില്‍ മൂന്നാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തഞ്ചുകാരന്‍ അറസ്റ്റിലായി. കുറ്റ്യാടി പന്നിവയല്‍ സ്വദേശി അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പത്തിനാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പേരക്കുട്ടിയുടെ കൂടെ വീട്ടില്‍ കളിക്കാന്‍ വന്ന ഒന്‍പത് വയസ്സുകാരിയെയാണ് അഹമ്മദ്ദ് മൃഗീയമായി പീഡിപ്പിച്ചത്. പരിസരവാസിയുടെ വിവാഹത്തിന് എത്തിയതായിരുന്നു കുട്ടി. അഹമ്മദിന്റെ വീട്ടില്‍ വച്ചുതന്നെയായിരുന്നു കൃത്യം. 

സംഭവത്തിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം വീട്ടുകാര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് കുട്ടി അമ്മയോട് സംഭവം തുറന്നുപറഞ്ഞു. പിന്നീട് കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ അമ്മയുടെ പരാതിയെതുര്‍ന്നാണ് കുറ്റ്യാടി പൊലീസ് കേസ്സെടുത്തത്. വിവരമറിഞ്ഞയുടന്‍ അഹമ്മദ് ഒളിവില്‍പ്പോയി. നെട്ടുരിന് സമീപം വച്ചാണ് ഇയാള്‍ പിടിയിലായത്. നാദാപുരം ഒന്നാംക്ലാസ് മജിസ്‍ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഹമ്മദിനെ റിമാന്റ് ചെയ്തു.