ചെന്നൈ: എന്നൂരില്‍ 6500 ഏക്കര്‍ തണ്ണീര്‍ത്തടം നികത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രദേശവാസികളുടെ ജലസത്യാഗ്രഹം. കോസസ്തലൈ നദിയില്‍ ഇറങ്ങി നിന്നാണ് സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം പേര്‍ എട്ട് മണിക്കൂറോളം സമരം ചെയ്തത്. ജല്ലിക്കെട്ട് നിരോധനത്തിനെതിരെ ചെന്നെയില്‍ നടന്ന നില്‍പ്പ് സമരത്തിന് ശേഷം ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തം ഉണ്ടായ സമരമുഖമാണ് എന്നൂരില്‍ കഴിഞ്ഞ ദിവസം കണ്ടത്. എന്നൂര്‍ തണ്ണീര്‍ത്തടത്തിലെ പവര്‍ പ്ലാന്റുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കാരണം ഏതാണ്ട് 1000 ഏക്കറോളം സ്ഥലം ഇപ്പോള്‍തന്നെ ഉപയോഗശൂന്യമാണ്.

ചെന്നൈയിലെ കാമരാജര്‍ തുറമുഖത്തിനടുത്തുള്ള ചെറു തണ്ണീര്‍ത്തടങ്ങളും കണ്ടല്‍വനങ്ങളും നിറഞ്ഞ പ്രദേശമാണ് എന്നൂര്‍. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്തിനടുത്ത് കാമരാജര്‍, എല്‍ആന്‍റ്ടി തുറമുഖങ്ങളും എച്ച്പിസിഎല്‍ ഉള്‍പ്പടെയുള്ള പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളും ഉള്‍പ്പടെ ആറ് വന്‍കിട സ്ഥാപനങ്ങളാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശമുണ്ടായിട്ടും വ്യാപകമായ കൈയ്യേറ്റമാണ് തുറമുഖമുള്‍പ്പടെ സ്ഥലത്ത് നടത്തുന്നതെന്ന് പ്രദേശവാസികള്‍ ആരോപിയ്ക്കുന്നു. ഇതിനെതിരെ സ്ഥലത്തെ മത്സ്യത്തൊഴിലാളികള്‍ നല്‍കിയ കേസ് ഇപ്പോഴും ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. ഇതിനിടെയാണ് ട്രൈബ്യൂണലിലെ അവസാന ജഡ്ജിയും വിരമിയ്ക്കുന്നത്.

കമ്പനികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എന്നൂരിലെ ചെറു തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ വനങ്ങളും നിലനില്‍ക്കുന്നില്ലെന്ന് കാട്ടിയാണ് തീരദേശ വികസന അതോറിറ്റി തീരദേശ ഭൂപടം തയ്യാറാക്കിയത്. ഇതുവഴി 6500 ഓളം ഏക്കര്‍ തണ്ണീര്‍ത്തടം നികത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും സമരക്കാര്‍ ആരോപിയ്ക്കുന്നു. എന്നൂരിലെ സര്‍ക്കാര്‍ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ ജലകൊള്ളയ്ക്കും അഴിമതിക്കും വഴിവെട്ടും. ഉയര്‍ന്ന സ്ഥലങ്ങളില്‍ അഴിമതിക്കെതിരായ പോരാട്ടം, സര്‍ക്കാരിന്റെ ഉത്തരവാദിത്വം ഇല്ലായ്മ എന്നിവയ്‌ക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും സമരസമിതി നേതാവ് ഡി.സെല്‍വരാജ് പറഞ്ഞു.
