സന്‍ആ: യമനില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ എട്ട് കുട്ടികളടക്കം 68പേര്‍ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ട്. തായിസ് ഗവര്‍ണറേറ്റിലെ അല്‍ ഹെയ്മയില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായും യു.എന്‍ മനുഷ്യവകാശ കൗണ്‍സിലിലെ യമന്‍ പ്രതിനിധി അറിയിച്ചു.
യമനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ എട്ട് കുട്ടികളടക്കം 68പേര്‍ മരിച്ചു. തായിസ് ഗവര്‍ണറേറ്റിലെ അല്‍ ഹെയ്മയിലെ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 34പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും യു.എന്‍ മനുഷ്യവകാശ കൗണ്‍സിലിലെ യമന്‍ പ്രതിനിധി അറിയിച്ചു. ആക്രമത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും കടകള്‍ക്കും നാശനഷ്‌ടം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് സൗദി ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ കണക്കുപ്രകാരം ഹൂതി വിമതര്‍ക്കെതിരെ 2015 മുതല്‍ സൗദി സഖ്യസേന നടത്തിവരുന്ന വ്യോമാക്രമണങ്ങളില്‍, യമനില്‍ കുട്ടികളടക്കം പതിനായിരത്തിലേറെ സാധാരണക്കാരാണ് മരിച്ചത്. ഹൂതികള്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ക്ക് നേരെയുള്ള സൗദി സഖ്യസേനയുടെ ഉപരോധം കാരണം 73 ലക്ഷത്തിലേറെ യമനികള്‍ പട്ടിണി മരണത്തിന്റെ വക്കിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
