തിരുവനന്തപുരം: റേഷൻ കാർഡിലെ അപാകതകളെക്കുറിച്ച് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് ഏഴ് ലക്ഷം പരാതികൾ. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് സമർപ്പിച്ച കരട് മുൻഗണനപട്ടികയിൽ ഒരു കോടി 54 ലക്ഷം പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ പട്ടികയിൽ നിന്ന് അർഹരായ പലരും ഒഴിവായെന്നാണ് ഇപ്പോൾ ഉയരുന്ന പരാതി. നിലവിൽ ഏഴ് ലക്ഷം പരാതികൾ സർക്കാറിന് ലഭിച്ചെന്ന് മന്ത്രി പി തിലോത്തമൻ നിയമസഭയെ അറിയിച്ചു. കൊല്ലം ജില്ലയിലാണ് പരാതികൾ ഏറ്റവും കൂടുതൽ.
നിവിലിൽ ലഭിച്ച പരാതികളെല്ലാം മുൻഗണനാ പട്ടികയിൽ കൂട്ടിചേർക്കാനുള്ളവരുടേതണ്. അർഹതപ്പെട്ടവരാരും മുൻഗണ പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര സർക്കാർ കരട് പട്ടിക നേരത്തെ അംഗീകരിച്ചതിനാൽ നിലവിലുള്ള പട്ടികയിൽ നിന്ന് അനർഹരെ ഒഴിവാക്കിവേണം പുതിയ അപേക്ഷകരെ ഉൾപ്പെടുത്താൻ. പതിനഞ്ച് ലക്ഷം അനർഹർ പട്ടികയിൽ ഇടം നേടിയിട്ടപുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
അതേസമയം, ഓൾ കേരളാ റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ അടക്കമുള്ള സംഘടനഹൾ നാളെമുതൽ കടയടച്ച് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റേഷൻ വ്യാപാരികൾ നാളെമുതൽ കടയടച്ച് സമരം ആരംഭിക്കുന്നതോടെ റേഷൻ വിതരണം കൂടുതൽ താറുമാറാകും. മറ്റ് സംഘടനകളും അഞ്ചാം തീയ്യതിക്ക് ശേഷം സമരം തുടങ്ങുമെന്നാണ് പ്രഖ്യാപിക്കുന്നത്. പരാതി പ്രളയത്തോടൊപ്പം റേഷൻ കടകൾ കൂടി നിശ്ചലമായാൽ സർക്കാറിന് വലിയ തലവേദനയായി മാറും.
