ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ എതിരാളികളെ കൊന്നൊടുക്കി ഇന്ത്യന്‍ സൈന്യം.പൂഞ്ച് ജില്ലയില്‍ രാവിലെ നടന്ന ഏറ്റുമുട്ടലിനിടെ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച്ച രാവിലെ മുതല്‍ ഇന്ത്യന്‍ സൈന്യവും പാക് സൈന്യവും തമ്മില്‍ രൂക്ഷമായ വെടിവെപ്പ് നടക്കുകയാണ്. 

തിങ്കളാഴ്ച്ച രാവിലെ കശ്മീരിലെ ഉറിയില്‍ അഞ്ച് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക് സൈനികര്‍ കൊല്ലപ്പെട്ട വിവരം പുറത്തു വരുന്നത്. രണ്ട് ഏറ്റുമുട്ടലുകളിലും ഇന്ത്യന്‍ പക്ഷത്ത് ജീവഹാനിയുണ്ടായതായി വിവരമില്ല. അതേസമയം നിയന്ത്രണരേഖയില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്ക് പാക് സൈന്യം ഒത്താശ ചെയ്യുന്നുവെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം കശ്മീര്‍ തീവ്രവാദികളേയും പാക് സൈനികരേയും വധിച്ചിരിക്കുന്നത്. പാക്‌സൈന്യം പരിധി വിട്ടാല്‍ കടുത്ത രീതിയില്‍ തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 
അതേസമയം ഉറിയില്‍ രാവിലെയുണ്ടായ ആക്രമണത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ജമ്മു-കശ്മീര്‍ ഡിജിപി എസ്.പി.വൈദ് പറഞ്ഞു. അഞ്ച് തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തുവെന്നും ആറാമത്തെ ആളുടെ മൃതദേഹത്തിനായി പ്രദേശത്ത് തിരച്ചില്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.