ദുബൈ: ഏഴു വയസുകാരന് ഒരു കോടി രൂപയുടെ പുരസ്‌കാരം. ഈ വര്‍ഷത്തെ അറബ് റീഡിങ് ചലഞ്ചില്‍ ഒന്നാം സ്ഥാനം ഏഴു വയസുകാരനായ അള്‍ജീരിയന്‍ ബാലന്‍ മുഹമ്മദ്ദ് ഫറായാണ് ഒരു കോടി രൂപ വിലമതിക്കുന്ന പുരസ്‌കാരം സ്വന്തമാക്കിയത്. 30 ലക്ഷം വിദ്യാര്‍ത്ഥികളെ പിന്തള്ളിയാണ് മികച്ച വായനയ്ക്കുള്ള പുരസ്‌കാരം ബാലന്‍ കരസ്ഥമാക്കിയത്. മുഹമ്മദ്ദ് ഫറാ ദുബൈ ഭരണാധികാരിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
ദുബൈ ഓപേറ ഹസില്‍ നടന്ന ചടങ്ങില്‍ വെച്ച് ഫാറായ്ക്ക് അവാര്‍ഡ് നല്‍കി. ഒന്നര ലക്ഷം ഡോളറാണ് ലഭിച്ചത്. ഇതില്‍ ഒരു ലക്ഷം ഡോളര്‍ സര്‍വകലാശാല സ്‌കോളര്‍ഷിപ്പായാണ് ലഭിക്കുക. അരലക്ഷം ഡോളര്‍ അവാര്‍ഡായി ലഭിക്കും.
അറബ് വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മുക്തൂം ഇത്തരമൊരു മത്സരം നടത്തിയത്. 18 പേരാണ് ഫൈനലിലേക്ക് മത്സരിച്ചത്. 50 ലേറെ പുസ്തകങ്ങള്‍ വായിച്ച് അവയിലെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ കഴിഞ്ഞവര്‍ തമ്മിലായിരുന്നു ഫൈനലിലെ മത്സരം.
