എഴുപത്തിയഞ്ചാമത്ത് ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് ഇബ്ബിങ്ങ് മിസൗറി എന്ന ചിത്രത്തിലെ നായിക ഫ്രാന്‍സിസ് മക്‌ഡോര്‍മാന്‍ഡ് മികച്ച നടിയായി. ഗാരി ഓള്‍ഡ് മാനാണ് മികച്ച നടന്‍. ഓപ്ര വിന്‍ഫ്രി സമഗ്രസംഭാവനക്കുള്ള സെസില്‍ ബി ഡെമെല്ലെ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി. ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന വേദി കൂടിയായി പുരസ്‌കാരച്ചടങ്ങ്. 

മികവിനുള്ള പ്രത്യേക ആദരം ഏറ്റുവാങ്ങിയ ഓപ്ര വിന്‍ഫ്രിയുടെ വാക്കുകള്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദി ഇക്കൊല്ലം ഉയര്‍ത്തിപ്പിടിച്ച സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ തുറന്നുപറച്ചിലായി. ലൈംഗിക അതിക്രങ്ങള്‍ തുറന്നു പറയുകയും നേരിടുകയും ചെയ്ത സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സിനിമാലോകത്തെ വേര്‍തിരിവുകള്‍ക്കെതിരെ പ്രതിഷേധിച്ചും പ്രമുഖ താരങ്ങളെല്ലാം കറുപ്പ് വസ്ത്രമണിഞ്ഞായിരുന്നു പുരസ്‌കാരപ്രഖ്യാപനത്തിനെത്തിയത്. അതിക്രമങ്ങള്‍ വെളിപ്പെടുത്തിയ നിക്കോള്‍ കിഡ്മാനും എലിസബത്ത് മോസും ടെലിവിഷന്‍ വിഭാഗത്തില്‍ മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് പ്രതിഷേധത്തിനു കിട്ടിയ അഭിവാദ്യവുമായി. 

മികച്ച ചിത്രമടക്കം നാല് പുരസ്‌കാരങ്ങളുമായി മാര്‍ട്ടിന്‍ മക്‌ഡോണാക് സംവിധാനം ചെയ്ത ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിന്‍ മിസ്സോറിയാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ ഏറ്റവും തിളങ്ങിയത്.  പ്രതികാര കഥപറയുന്ന ചിത്രത്തിലെ മികവാര്‍ന്ന അഭിനയത്തിലൂടെ ഓസ്‌കാര്‍ ജേതാവ് ഫ്രാന്‍സിസ് മക്‌ഡോര്‍മാന്‍ഡ് മികച്ച നടിയായി, മികച്ച തിരക്കഥ, സഹനടന്‍ തുടങ്ങിയ പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി. 

ഡാര്‍ക്കസ്റ്റ് അവറില്‍ വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെ അവിസ്മരണിയമാക്കിയ ഗാരി ഓള്‍ഡ്മാനാണ് മികച്ച നടന്‍. ഗില്ലെര്‍മോ ഡെല്‍ടോറോയാണ് മികച്ച സംവിധായകന്‍, ചിത്രം ദ ഷേപ്പ് ഓഫ് വാട്ടര്‍. 
ജെയിംസ് ഫ്രാങ്കോ മികച്ച ഹാസ്യനടനായും സയോര്‍സ് റോനന്‍ ഹാസ്യനടിയായും തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മ്മന്‍ ചിത്രമായ ഇന്‍ ദ ഫെയ്ഡ് ആണ് മികച്ച വിദേശഭാഷാ ചിത്രം. വാള്‍ട്ട് ഡിസ്‌നിയുടെ കോകോ മികച്ച അനിമേഷന്‍ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.