ദില്ലി: മഹാരാഷ്‌ട്രയിലെ എട്ട് ഡാന്‍സ് ബാറുകള്‍ക്ക് രണ്ട് ദിവസത്തിനകം അനുമതി നല്‍കണമെന്ന് സുപ്രീംകോടതി മഹാരാഷ്‌ട്ര സര്‍ക്കാരിന് ഉത്തരവിട്ടു. ഡാന്‍സ് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ ദീപക് മിശ്രയും, ശിവ കിർത്തി സിങ്ങുമാണ് കേസ് പരിഗണിച്ചത്.ഡാന്‍സ് ബാറുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി നേരത്തേ റദ്ദാക്കിയിരുന്നു.
സ്ത്രീകൾ തെരുവിൽ ഭിക്ഷയെടുക്കുന്നതിനേക്കാൽ നല്ലത് നൃത്തം ചെയ്യുന്നതാണെന്ന് സുപ്രീംകോടതി നേരത്തെ വിലയിരുത്തിയിരുന്നു. ഡാൻസ് ബാറുകൾക്കെതിരെ മഹാരാഷ്‌ട്ര സർക്കാർ സ്വീകരിച്ച നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിട്ടുണ്ടെങ്കിലും ഡാൻസ് ബാറുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിൽ മഹാരാഷ്‌ട്ര സർക്കാർ വിമുഖത കാട്ടിയിരുന്നു. ഇതിനെതിരായാണ് ഇപ്പോൾ സുപ്രീംകോടതിയുടെ വിമർശനം.
വെള്ളിയാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും. ഡാൻസ് ബാറുകൾ അശ്ലീലമായതൊന്നും നടക്കുന്നില്ലെന്നും, സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സർക്കാരിന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും സംസ്ഥാന സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് സുപ്രീംകോടതിയിൽ അറിയിച്ചു. ഡാൻസ് ബാറുകൾക്ക് ലൈസൻസ് ആവശ്യപ്പെട്ട് 150ൽ അധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും പിങ്കി ആനന്ദ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
