ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നഗരത്തിൽ കാൽനടയാത്രക്കാർക്ക് നേരെ ട്രക്ക് ഓടിച്ചു കയറ്റി ആക്രമണം. സംഭവത്തിൽ എട്ടു പേർ മരിച്ചു. 15 പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള 29 കാരനായ സേയ്ഫുളോ സായ്പോവ് ആണ് അക്രമി. പ്രാദേശിക സമയം 3. 15 നാണ് ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടിലെ പുതിയ വേള്‍ഡ് ട്രേഡ് സെന്‍ററിന് സമീപം കാല്‍ നടക്കാര്‍ക്കും സൈക്കില്‍ യാത്രക്കാര്‍ക്കും നേരെ അക്രമി വാഹനം ഓടിച്ച് കയറ്റിയത്. 

സൈക്കിളുകള്‍ ഇടിച്ച് തെറിപ്പിച്ച വാഹനം ഒരു സ്കൂള്‍ ബസിലും ഇടിച്ചു. ഇയാളുടെ വാഹനത്തില്‍ നിന്ന് രണ്ട് കളിത്തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അക്രമി 2010 ല്‍ അമേരിക്കയില്‍ എത്തിയതാണ്. ആശുപത്രിയിലുള്ള അക്രമിക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വ്യക്തമാകുമെന്ന് പൊലീസ് പറയുന്നു.

വാടകയ്ക്ക് എടുത്ത വാഹനം ഉപയോഗിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്. എട്ട് പേരുടെ ജീവനെടുത്ത ട്രക്കിനുള്ളില്‍ നിന്ന് പൊലീസ് ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിദേശഭാഷയില്‍ എഴുതിയ കുറിപ്പിനെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.