പാറ്റ്ന: ബിഹാറിലെ ഔറംഗാബാദില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 8 സൈനികരും 4 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. ഔറംഗാബാദ്-ഗയ അതിര്‍ത്തിയിലെ ദുമ്രി നള്ള വനത്തിലായിരുന്നു ഏറ്റുമുട്ടല്‍. തിങ്കളാഴ്ച രാവിലെ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് സിആര്‍പിഎഫ് നടത്തിയ പ്രത്യാക്രമണത്തില്‍ രാവിലെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന. നിരവധി സ്ഫോടനങ്ങള്‍ നടക്കുന്നതായും സ്ഥിതീകരിക്കാത്ത വിവരമുണ്ട്.

തലസ്ഥാനമായ പാറ്റ്നയില്‍ നിന്നും 172 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പരിക്കേറ്റ കൂടുതല്‍ ജവാന്മാരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് വിവരം.